ഇന്ത്യയടക്കം 21 രാജ്യങ്ങളുടെ കരുത്തായ ‘ചിനൂക്കി’ന്‍റെ സേവനം നിർത്തി യുഎസ്
വാഷിങ്ടണ്‍: യുദ്ധഭൂമിയിലെ പടക്കുതിരയായ ‘ചിനൂക്’ ഹെലികോപ്റ്ററുകള്‍ പിന്‍വലിച്ച് അമേരിക്ക. എൻജിൻ തീപിടിത്തങ്ങളുടെ എണ്ണം വർദ്ധിച്ച പശ്ചാത്തലത്തിലാണ് അമേരിക്കൻ സൈന്യത്തിന്‍റെ നടപടി. മുൻകരുതൽ നടപടിയെന്ന നിലയിലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. ചിനൂക്കിന്‍റെ എഞ്ചിനിൽ തീപിടിത്തം പതിവാണെങ്കിലും ആളപായമോ പരിക്കോ ഉണ്ടായിട്ടില്ലെന്ന് യുഎസ് സൈന്യം പറയുന്നു.
നൂറോളം ഹെലികോപ്റ്ററുകളാണ് അമേരിക്ക പിൻവലിച്ചത്. 70 ഓളം ഹെലികോപ്റ്ററുകൾക്ക് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്ന സംശയവുമുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് പിൻമാറ്റ നടപടി. 12 ടൺ വരെ ഭാരം വഹിക്കുന്ന ചിനൂക്കിന്‍റെ അഭാവം യുഎസ് സൈന്യത്തിന് വെല്ലുവിളി ഉയർത്തുമെന്നാണ് വിലയിരുത്തൽ.
1962-ലാണ് ചിനൂക്ക് ആദ്യമായി അമേരിക്കൻ സൈന്യം ഉപയോഗിച്ചത്. അഫ്ഗാനിസ്ഥാൻ, ഇറാഖ്, വിയറ്റ്നാം എന്നിവിടങ്ങളിലെ യുദ്ധങ്ങളിൽ യുഎസ് സൈന്യം ഈ ഹെലികോപ്റ്റർ ഉപയോഗിച്ചിരുന്നു. യുഎസ് സൈന്യത്തിന് 400 ചിനൂക്ക് ഹെലികോപ്റ്ററുകളാണുള്ളത്.