അമേരിക്കന്‍ പൗരന്‍മാര്‍ക്കെതിരെ അല്‍ ഖ്വെയ്ദ ആക്രമണ സാധ്യത: മുന്നറിയിപ്പ് നൽകി യുഎസ്

വാഷിങ്ടണ്‍ ഡിസി: ഒസാമ ബിന്‍ ലാദന് പിന്നാലെ അല്‍ ഖ്വെയ്ദയുടെ നേതൃത്വം ഏറ്റെടുത്ത അയ്മാന്‍ അല്‍ സവാഹിരിയും കൊല്ലപ്പെട്ട സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള അമേരിക്കന്‍ പൗരന്‍മാര്‍ക്ക് നേരെ ഏതു നിമിഷവും ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി യുഎസ്. വിദേശ യാത്രകളില്‍ ജനങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും യുഎസ് വ്യക്തമാക്കുന്നു. പ്രാദേശിക വാര്‍ത്തകള്‍ കാണാനും അടുത്തുള്ള യുഎസ് എംബസിയുമായോ കോണ്‍സുലേറ്റുമായോ സമ്പര്‍ക്കം നിലനിർത്താനും യുഎസ് ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചു.

സവാഹിരിയുടെ മരണത്തിന് ശേഷം അതീവ ജാഗ്രതയിലാണ് അമേരിക്ക. ഇത് സംബന്ധിച്ച് രാജ്യം തങ്ങളുടെ പൗരൻമാർക്ക് ഇതിനകം തന്നെ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. വിദേശ യാത്രകളിൽ ജാഗ്രത പുലർത്താനും സാഹചര്യത്തിനനുസരിച്ച് ഇടപെടാനും പൗരൻമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 31ന് യുഎസ് സൈന്യം അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ച് അൽ ഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍ സവാഹിരിയെ അദ്ദേഹത്തിന്‍റെ ഒളിത്താവളത്തിന് നേരെ ഹെൽ ഫയർ മിസൈൽ ഉപയോഗിച്ച് വധിച്ചതായി യുഎസ് സ്ഥിരീകരിച്ചിരുന്നു. അത്തരമൊരു സാഹചര്യത്തിൽ, അൽ-ഖ്വയ്ദ തീവ്രവാദികൾ പ്രതികാരത്തിനായി അമേരിക്കൻ പൗരൻമാരെ ആക്രമിക്കാൻ സാധ്യതയുണ്ട്. ചാവേർ ആക്രമണം, ബോംബ് സ്ഫോടനം, ഹൈജാക്കിംഗ് തുടങ്ങിയ നിരവധി മാർഗങ്ങൾ തീവ്രവാദികൾ സ്വീകരിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.