ഹസ്തിനപൂര്‍ വന്യജീവി സങ്കേതത്തില്‍ ഇക്കോ ടൂറിസം പദ്ധതികളുമായി ഉത്തര്‍ പ്രദേശ് വനംവകുപ്പ്
ഉത്തർ പ്രദേശ്: ഹസ്തിനപൂർ വന്യജീവി സങ്കേതത്തിൽ വൈവിധ്യമാർന്ന ഇക്കോ ടൂറിസം പദ്ധതികൾ ആവിഷ്കരിക്കാൻ ഉത്തർ പ്രദേശ് വനം വകുപ്പ്. മീററ്റിൽ നിന്ന് പ്രയാഗ് രാജിലേക്കുള്ള ഗംഗ എക്സ്പ്രസ് വേയുടെ വരവിന്‍റെ മുന്നോടിയായാണിത്. മുതല വിഭാഗത്തിൽപ്പെട്ട ഗാരിയലുകൾ, കടലാമകൾ, ഗംഗ ഡോൾഫിനുകൾ എന്നിവയുടെ സംരക്ഷണത്തെക്കുറിച്ച് വന്യജീവി സങ്കേതത്തിലെ ജീവനക്കാർക്കിടയിൽ അവബോധം സൃഷ്ടിക്കും.
നിലവിൽ, പദ്ധതി അംഗീകാരത്തിനായി യുപി ചീഫ് വൈൽഡ് ലൈഫ് വാർഡന് സമർപ്പിച്ചിരിക്കുകയാണ്. 2008 ൽ വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിൽ നിന്ന് ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിലേക്ക് മാറ്റിയതിന് ശേഷം നൂറുകണക്കിന് ഗാരിയലുകൾ അസ്വാഭാവികമായി ചത്തിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് വന്യജീവി സംരക്ഷണത്തിനായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നത്.