ഹിമപാതത്തിന് പിന്നാലെ മറ്റൊരു അപകടം;ഉത്തരാഖണ്ഡിൽ ബസ് മലയിടുക്കിലേക്ക് വീണു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിൽ 50 യാത്രക്കാരുമായി പോയ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം. പൗരി ഗഡ്വാൾ ജില്ലയിലെ സിംദി ഗ്രാമത്തിലാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടസ്ഥലത്ത് എല്ലാ സൗകര്യങ്ങളും ഒരുക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ നാട്ടുകാർ സഹകരിക്കുന്നുണ്ട്. ദുരന്ത നിവാരണ സേന സ്ഥലത്തെത്തിയതായും അദ്ദേഹം അറിയിച്ചു.

ഉത്തരാഖണ്ഡിൽ 10 പേരുടെ മരണത്തിനിടയാക്കിയ ഹിമപാതത്തിന്‍റെ ആഘാതം മാറുന്നതിന് മുൻപാണ് സംസ്ഥാനത്ത് മറ്റൊരു അപകടം കൂടി സംഭവിച്ചത്. ഉത്തരകാശിയിലെ നെഹ്റു മൗണ്ടനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു കൂട്ടം അധ്യാപകരും വിദ്യാർത്ഥികളുമാണ് അപകടത്തിൽപ്പെട്ടത്. കാണാതായ 23 പേർക്കായി തിരച്ചിൽ തുടരുകയാണ്. ഉത്തരകാശിയിലെ നെഹ്റു മൗണ്ടനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച അഡ്വാൻസ്ഡ് മൗണ്ടനീയറിംഗ് കോഴ്സിന്‍റെ ഭാഗമായി തിങ്കളാഴ്ച പുലർച്ചെയാണ് 34 വിദ്യാർത്ഥികളും ഏഴ് അധ്യാപകരും മലകയറിയത്.

ദ്രൗപദി ദണ്ഡ മലമുകളിലെത്തി സംഘം തിരിച്ചിറങ്ങുമ്പോൾ രാവിലെ എട്ടേമുക്കാലോടെയാണ് ഹിമപാതമുണ്ടായത്. അധ്യാപകരും വിദ്യാർത്ഥികളുമടങ്ങുന്ന സംഘം മഞ്ഞിനടിയില്‍ കുടുങ്ങുകയായിരുന്നു. അപകടത്തില്‍ പത്ത് പേർ മരിച്ചു. ഇതില്‍ രണ്ട് പേർ സ്ത്രീകളാണെന്നാണ് സൂചന. നാല് പേരുടെ മൃതദേഹം കണ്ടെത്തിയെന്ന് നെഹ്റു മൗണ്ടനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ വാർത്താകുറിപ്പിലൂടെ അറിയിച്ചു. എട്ട് പേരെ സൈന്യം രക്ഷപ്പെടുത്തി.