സണ്‍ഫ്‌ളെയിമിനെ സ്വന്തമാക്കുവാൻ വി-ഗാര്‍ഡ്; ഗൃഹോപകരണ മേഖലയിൽ പുതിയ തുടക്കം

കൊച്ചി: ഡൽഹി ആസ്ഥാനമായുള്ള ഗൃഹോപകരണ നിർമാതാക്കളായ സണ്‍ഫ്‌ളെയിം എന്‍റർപ്രൈസസ് ലിമിറ്റഡിനെ വിഗാർഡ് ഇൻഡസ്ട്രീസ് സ്വന്തമാക്കുന്നു. 660 കോടി രൂപയുടെ ഇടപാടിൽ വി ഗാർഡിന് സൺഫ്ലെയിമിന്‍റെ 100 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. അടുത്ത മാസം പകുതിയോടെ ഏറ്റെടുക്കൽ പൂർത്തിയാകും.

ഈ ഏറ്റെടുക്കലോടെ ഗൃഹോപകരണ നിർമ്മാണത്തിൽ മുൻ നിരയിലാകാൻ വി-ഗാർഡ് ലക്ഷ്യമിടുന്നു. ഈ രംഗത്ത് ഇന്ത്യയിലുടനീളം വിപുലമായ സാന്നിധ്യമുള്ള ബ്രാൻഡുകളിലൊന്നാണ് സണ്‍ഫ്‌ളെയിം. കമ്പനിയുടെ ഉൽപ്പന്ന വികസന ശേഷിയും അടുത്തിടെ സ്ഥാപിതമായ അത്യാധുനിക നിർമ്മാണ പ്ലാന്‍റും വി-ഗാർഡിന് അതിന്‍റെ ഗൃഹോപകരണ നിർമ്മാണ ബിസിനസ്സ് കൂടുതൽ മെച്ചപ്പെടുത്തുന്നതിനു വലിയ അവസരങ്ങൾ തുറക്കും. ഈ ഇടപാടിനുള്ള പണം വിറ്റുവരവിൽ നിന്നും വായ്പയിൽ നിന്നും കണ്ടെത്തും.

മികച്ച ഉൽപ്പന്നങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും ഉപഭോക്താക്കളുമായി ആഴത്തിലുള്ള ബന്ധം നിലനിർത്തുന്നതിനാൽ ഈ ഏറ്റെടുക്കൽ വി-ഗാർഡിന്‍റെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലായിരിക്കുമെന്ന് വി-ഗാർഡ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ മിഥുൻ ചിറ്റിലപ്പിള്ളി പറഞ്ഞു. ഇന്ത്യയിലുടനീളം അറിയപ്പെടുന്ന സണ്‍ഫ്‌ളെയിം ബ്രാൻഡ്, ഗൃഹോപകരണ നിർമ്മാണത്തിലും വിതരണത്തിലും മുന്നിരയിലെത്താൻ വി-ഗാർഡിനെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.