ആനാവൂർ നാഗപ്പന് പകരം വി.ജോയി എംഎൽഎ സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക്
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ ജില്ലാ കമ്മിറ്റി, സെക്രട്ടേറിയറ്റ് യോഗങ്ങൾ ഇന്ന് ചേരും. ജോയി കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിൽ അംഗമായിരുന്നു.
ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതോടെയാണ് പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. പല പേരുകളും ഏറെക്കാലമായി ചർച്ച ചെയ്തെങ്കിലും ധാരണയിലെത്താൻ കഴിഞ്ഞില്ല. മേയറുടെ കത്തു വിവാദത്തിന്‍റെയും യുവജന സംഘടനാ നേതാക്കളുടെ വഴിവിട്ട നടപടികളുടെയും പശ്ചാത്തലത്തിൽ ആനാവൂർ നാഗപ്പനെതിരായ നീക്കം പാർട്ടിയിൽ ശക്തമായിരുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറിയും ജില്ലാ നേതൃത്വത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തിന്‍റെ ഇടപെടലിനെ തുടർന്നാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ ജില്ലാ നേതൃത്വം തയ്യാറായത്.