അമിത് ഷായെ വിമര്‍ശിച്ച് ലേഖനമെഴുതി; ജോണ്‍ ബ്രിട്ടാസ് എംപിക്ക് രാജ്യസഭാ ചെയര്‍മാന്റെ കാരണം കാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമര്‍ശിച്ച് ലേഖനമെഴുതിയതിന് ജോണ്‍ ബ്രിട്ടാസ് എംപിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. രാജ്യസഭ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ആണ് ബ്രിട്ടാസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഉള്ളടക്കം ദേശവിരുദ്ധമെന്നാരോപിച്ച് ബിജെപി നല്‍കിയ പരാതിയിലാണ് നോട്ടീസ്. ലേഖനത്തെ സംബന്ധിച്ച വിശദീകരണം രേഖാമൂലം നല്‍കണമെന്നാണ് ആവശ്യം. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിനാണ് കാരണം കാണിക്കല്‍ നോട്ടീസ്.

കര്‍ണാടകത്തില്‍ പ്രസംഗിക്കവെ അമിത് ഷാ കേരളത്തെക്കുറിച്ച് ദുഃസൂചനയോടെ പരാമര്‍ശിച്ചതിനെ വിമര്‍ശിച്ചാണ് ബ്രിട്ടാസ് ലേഖനം എഴുതിയത്. ‘കേരളം നിങ്ങളുടെ അടുത്തുണ്ട്. ഞാന്‍ കൂടുതല്‍ പറയുന്നില്ല. ബിജെപിക്ക് മാത്രമേ കര്‍ണാടകത്തെ രക്ഷിക്കാന്‍ കഴിയൂ’ എന്നാണ് അമിത് ഷാ സംസാരിച്ചത്. ബ്രിട്ടാസിന്റെ വിമര്‍ശനം ദേശദ്രോഹപരമാണെന്നായിരുന്നു പരാതി.

രാജ്യസഭാ ചെയര്‍മാന് മതിയായ വിശദീകരണം നല്‍കിയെന്ന് ബ്രിട്ടാസ് പറഞ്ഞു. അഭിപ്രായപ്രകടനം നടത്താനുള്ള ഭരണഘടനാപരമായ അവകാശം ഹനിക്കപ്പെടുകയാണ്. കടമ നിര്‍വഹിക്കുന്നത് ഭയപ്പെടുത്തി തടയാനാണ് ശ്രമം. ബിജെപിയുടെ പരാതിയുടെ സ്വഭാവം തന്നെ അപലപനീയമാണെന്നും ബ്രിട്ടാസ് പറഞ്ഞു. ലേഖനം എഴുതിയതില്‍ ഇടപെടാന്‍ ലോക്സഭാ സ്പീക്കര്‍ക്ക് അധികാരമില്ലെന്ന് ഭരണഘടനാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.