തല്ലി ബോധംകെടുത്തിയെന്ന വിവാദ പരാമർശത്തിൽ പ്രതികരിക്കാതെ വി ശിവൻകുട്ടി
തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിക്കിടെ യു.ഡി.എഫ് അംഗങ്ങൾ തല്ലി ബോധംകെടുത്തിയെന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍റെ പ്രസ്താവനയോട് പ്രതികരിക്കാതെ മന്ത്രി വി.ശിവൻകുട്ടി. ഇക്കാര്യം ഇ പി ജയരാജനോട് തന്നെ ചോദിക്കണമെന്നും ശിവൻകുട്ടി പറഞ്ഞു. നിയമസഭയിൽ സംഘർഷത്തിന് തുടക്കമിട്ടത് യു.ഡി.എഫാണെന്ന വാദവുമായി രംഗത്തെത്തിയപ്പോഴാണ് ശിവൻകുട്ടിയെ യു.ഡി.എഫുകാർ തല്ലി ബോധം കെടുത്തിയെന്ന് ജയരാജൻ ആരോപിച്ചത്.
‘കുറ്റപത്രം ഇന്നലെ കോടതിയിൽ വായിച്ചു. 26ന് വീണ്ടും കേസ് വച്ചിരിക്കുകയാണ്. അതിനു ശേഷം വിചാരണ ആരംഭിക്കും. വിചാരണയുടെ പരിധിയിലുള്ള കാര്യങ്ങളെ സംബന്ധിച്ചിടത്തോളം, ആ കേസിലെ പ്രതിയെന്ന നിലയിൽ ഞാൻ പരസ്യമായി ചർച്ച ചെയ്യുന്നത് ശരിയല്ല’, ശിവൻകുട്ടി പറഞ്ഞു. ജയരാജന്‍റെ ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോൾ ശിവൻകുട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു, ‘അത് എൽഡിഎഫ് കൺവീനറുടെ അഭിപ്രായം. ഞാൻ ആ കേസിൽ പ്രതിയാണ്. എന്നെ സംബന്ധിച്ചുള്ള കാര്യങ്ങൾ എന്‍റെ വക്കീൽ കോടതിയിൽ പറയും’ ,ശിവൻകുട്ടി പറഞ്ഞു.
യു.ഡി.എഫ് അംഗങ്ങൾ ആസൂത്രിതമായി പദ്ധതി തയാറാക്കിയാണ് സഭയിലെത്തിയതെന്നായിരുന്നു ഇ.പി ജയരാജന്‍റെ പ്രധാന ആരോപണം. എൽ.ഡി.എഫ് അംഗങ്ങൾക്കെതിരെ ശക്തമായ ആക്രമണമാണ് ഉണ്ടായതെന്നും ആരോഗ്യം അനുവദിച്ചാൽ 26ന് കോടതിയിൽ ഹാജരാകുമെന്നും ജയരാജൻ പറഞ്ഞു. വനിതാ എം.എൽ.എമാരെ കടന്നുപിടിച്ചതായും ആരോപണമുയർന്നിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ ജയരാജൻ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായിരുന്നില്ല.