കലോത്സവത്തിന് ഇറച്ചിയും മീനും വിളമ്പണ്ടാ എന്ന നിർബന്ധം സർക്കാരിനില്ലെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: കലോത്സവത്തിന് ഇറച്ചിയും മീനും വിളമ്പരുതെന്ന് സർക്കാരിന് നിർബന്ധമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നോൺ വെജിറ്റേറിയൻ ഭക്ഷണം അടുത്ത വർഷം മുതൽ നൽകുമെന്നും മന്ത്രി പറഞ്ഞു. ഇത് കഴിക്കുന്നത് കുട്ടികളാണെന്നും മാംസാഹാരം നൽകിയാൽ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ആശങ്ക മാത്രമാണുള്ളതെന്നും മന്ത്രി പറഞ്ഞു.

എന്നാൽ അടുത്ത വർഷം എന്തായാലും നോൺ വെജ് ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോടെത്തിയ കുട്ടികൾക്ക് ബിരിയാണി വിളമ്പണമെന്ന് ആഗ്രഹിച്ചിരുന്നു. ഇക്കാര്യം ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തിരുന്നു. കഴിഞ്ഞ 60 വർഷമായി നിലനിൽക്കാത്ത ബ്രാഹ്മണ മേധാവിത്വം ഇപ്പോൾ കാണുന്നുണ്ടോയെന്ന് മന്ത്രി ചോദിച്ചു.

വിവാദങ്ങളില്ലാത്തപ്പോൾ ചിലർ എന്തെങ്കിലും സൃഷ്ടിക്കാൻ ശ്രമിക്കുന്നു. പറയുന്നതെല്ലാം ശുദ്ധ അബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.