വടക്കഞ്ചേരി അപകടം; നഷ്ടപരിഹാരം ഉടൻ അനുവദിക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും സംസ്ഥാന സർക്കാർ ഉടൻ നഷ്ടപരിഹാരം അനുവദിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മരിച്ചവർക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചത് ആശ്വാസകരമാണ്. കേന്ദ്ര സർക്കാരിനെ മാതൃകയാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. സംസ്ഥാനത്ത് റോഡപകടങ്ങൾ തടയാൻ സർക്കാർ കർശനമായി ഇടപെടണം. അപകടത്തിൽപ്പെട്ട ബസിനെതിരെ മുമ്പ് അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നത് ഞെട്ടിക്കുന്നതാണ്. കുപ്രസിദ്ധ ബസിനെതിരെ മോട്ടോർ വാഹന വകുപ്പ് ജാഗ്രത പുലർത്തിയിരുന്നെങ്കിൽ വലിയ അപകടം ഒഴിവാക്കാമായിരുന്നു. ടൂറിസ്റ്റ് ബസുകളുടെയും ദീർഘദൂര ബസുകളുടെയും അമിതവേഗം നിയന്ത്രിക്കാൻ മോട്ടോർ വാഹന വകുപ്പും പോലീസും തയ്യാറാകണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

പാലക്കാട് വടക്കഞ്ചേരിയിലുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. അഗാധമായ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി സാമ്പത്തിക സഹായവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം നൽകും. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു. പ്രസിഡന്‍റ് ദ്രൗപദി മുർമുവും അപകടത്തിൽ അനുശോചിച്ചു.