വടക്കഞ്ചേരി അപകടം; ഡ്രൈവർ ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും

പാലക്കാട്: വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം വാഹനാപകടത്തിൽ അറസ്റ്റിലായ ഡ്രൈവർ ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും. ഡ്രൈവർ ജോമോനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

ജോമോനെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. അപകടസമയത്ത് ഇയാൾ ജില്ലാ പൊലീസ് മേധാവിയോട് ഉൾപ്പെടെ കള്ളം പറഞ്ഞ് കടന്നു കളഞ്ഞതിനെ കുറിച്ചും പൊലീസ് അന്വേഷിക്കും. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം. അപകടം നടന്ന സാഹചര്യങ്ങൾ, മദ്യലഹരിയിലാണോ വാഹനമോടിച്ചത് തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിക്കും.

ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കുന്നതും ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കും.  ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരത്ത് പ്രവേശിക്കാൻ ശ്രമിച്ച ജോമോൻ, ബസ് ഉടമ അരുൺ എന്നിവരെയാണ് കൊല്ലം ചവറയിൽ വച്ച് പൊലീസ് പിടികൂടിയത്.