വടക്കഞ്ചേരി ബസ് അപകടം; ഓർത്തഡോക്സ് സഭ അന്വേഷണ കമ്മീഷനെ നിയമിച്ചു

കോട്ടയം: പാലക്കാട് വടക്കഞ്ചേരിയിലുണ്ടായ ബസപകടത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഓർത്തഡോക്സ് സഭ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. എം.ഒ.സി പബ്ലിക് സ്കൂൾ മാനേജർ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, റിട്ടയേർഡ് ആർ.ടി.ഒ പൗലോസ് കോശി മാവേലിക്കര ചെയർമാനായുള്ള അന്വേഷണ കമ്മീഷണനെ നിയമിച്ചു. പി.എം. വർഗീസ് മാമലശ്ശേരി (റിട്ട. എസ്.പി), ഡോ.സജി വർഗീസ് മാവേലിക്കര (കറസ്പോണ്ടന്‍റ്, എം.ഒ.സി പബ്ലിക് സ്കൂൾ) എന്നിവരാണ് കമ്മിഷനിലെ അംഗങ്ങൾ. ഒക്ടോബർ 17നാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ, ബസ് ഉടമ അരുൺ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജോമോനെതിരെ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ജോമോനെതിരെ നേരത്തെ മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരുന്നത്. എന്നാൽ അപകടമുണ്ടാകുമെന്ന് അറിഞ്ഞിട്ടും അമിത വേഗതയിലാണ് ബസ് ഓടിച്ചിരുന്നതെന്ന് കണ്ടെത്തി. അതുകൊണ്ടാണ് ഡ്രൈവർ ജോമോനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. ഡ്രൈവർ മദ്യപിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാൻ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചു. 

അതേസമയം പ്രേരണാക്കുറ്റം ചുമത്തി ബസ് ഉടമ അരുണിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 19 തവണ വേഗപരിധി ലംഘിച്ചതിന് മോട്ടോർ വാഹന വകുപ്പ് ബസ് ഉടമയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് മുഖവിലയ്ക്ക് എടുക്കാത്തതിനാലാണ് അരുണിനെതിരെ പ്രേരണാക്കുറ്റം ചുമത്തിയത്. അമിതവേഗം തടയാൻ അരുൺ ശരിയായി ഇടപെട്ടിരുന്നെങ്കിൽ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് പൊലീസ് പറയുന്നു.