വടക്കഞ്ചേരി ബസ് അപകടം; ഡ്രൈവർ പിടിയിൽ

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ബസിന്‍റെ ഡ്രൈവർ പിടിയിലായി. കൊല്ലം ചവറ ശങ്കരമംഗലത്ത് നിന്നാണ് ഡ്രൈവർ ജോമോൻ പിടിയിലായത്. തിരുവനന്തപുരത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ ജോമോനെ ചവറ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. വടക്കഞ്ചേരി പൊലീസിന് കൈമാറിയ ജോമോനെ കൂടുതൽ ചോദ്യം ചെയ്യും. അഭിഭാഷകനെ കാണാൻ പോകുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ജോമോനെ രക്ഷപ്പെടാൻ സഹായിച്ച രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എറണാകുളം, കോട്ടയം സ്വദേശികളാണ് ഇവർ.

പാലക്കാട് അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ രാത്രി 11.30 ഓടെയായിരുന്നു അപകടം. അഞ്ച് വിദ്യാർത്ഥികളടക്കം ഒമ്പത് പേരാണ് ബസപകടത്തിൽ മരിച്ചത്. സ്കൂളിലെ കായികാധ്യാപകനും മൂന്ന് കെ.എസ്.ആർ.ടി.സി യാത്രക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നു. എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലെ കുട്ടികളുമായി വിനോദയാത്രയ്ക്ക് പോകുകയായിരുന്ന ബസ് ഇന്നലെ രാത്രി കെ.എസ്.ആർ.ടി.സി ബസിന്‍റെ പിറകിൽ ഇടിച്ച് മറിയുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരാണ് ബസ് വെട്ടിപ്പൊളിച്ച് കുട്ടികളെ പുറത്തെടുത്തത്. 40 ഓളം പേർക്ക് പരിക്കേറ്റു. ടൂറിസ്റ്റ് ബസിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. ഡ്രൈവർ ജോമോനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. അശ്രദ്ധമായും അമിതവേഗത്തിൽ വാഹനമോടിച്ചതിനും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്‍റ് ദ്രൗപദി മുർമുവും മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. അഗാധമായ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി സാമ്പത്തിക സഹായവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം നൽകും. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.