വളാഞ്ചേരി വിനോദ് വധം; പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹര്‍ജി സ്വീകരിച്ചു 

ന്യൂഡല്‍ഹി: വളാഞ്ചേരിയിലെ ഗ്യാസ് ഏജൻസി ഉടമ വിനോദ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി വിശദമായി കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. വിനോദിന്‍റെ ഭാര്യ ജസീന്ത എന്ന ജ്യോതിയെയും സുഹൃത്ത് യൂസഫിനെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി മഞ്ചേരി സെഷൻസ് കോടതി വിധിച്ചിരുന്നു. ജസീന്തയ്ക്കും യൂസഫിനും ജീവപര്യന്തം തടവും 42,500 രൂപ വീതം പിഴയും സെഷൻസ് കോടതി വിധിച്ചിരുന്നു. എന്നാൽ, വാദങ്ങൾ സംശയാസ്പദമാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ശിക്ഷ റദ്ദാക്കിയത്. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിംഗ് കോണ്‍സല്‍ ഹർഷാദ് ഹമീദ് ഹാജരായി.