വീണ്ടും യാത്രക്കാരെ വലച്ച് വന്ദേ ഭാരത്; ചക്രം തകരാറിലായതോടെ യാത്ര തടസപ്പെട്ടു

ന്യൂഡല്‍ഹി: ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയും യാത്രക്കാരെ വലച്ച് വന്ദേഭാരത് എക്സ്പ്രസ്. ട്രെയിനിന്റെ ചക്രം തകരാറിലായതാണ്‌ ഇത്തവണ യാത്രക്കാരെ കുഴപ്പിച്ചത്. ശനിയാഴ്ച ഡൽഹിയിൽ നിന്ന് വാരണാസിയിലേക്ക് പോകുമ്പോഴാണ് തകരാറുണ്ടായത്.

ബെയറിംഗ് കുടുങ്ങിയതിനാൽ സി -8 കോച്ചിന്‍റെ ചക്രം തകരാറിലായത് ശ്രദ്ധയിൽപെട്ട ഗ്രൗണ്ട് സ്റ്റാഫ് അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് ട്രെയിൻ നിർത്തുകയും, പിന്നീട് 20 കിലോമീറ്റർ അകലെയുള്ള ഖുർജ സ്റ്റേഷനിലേക്ക് നിയന്ത്രിത വേഗതയിൽ കൊണ്ടുപോവുകയും ചെയ്തു. ഇവിടെ നിന്ന് യാത്രക്കാരെ ശതാബ്ദി എക്സ്പ്രസിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

വെള്ളിയാഴ്ചയാണ് ഗാന്ധിനഗർ-മുംബൈ റൂട്ടിൽ ആനന്ദ് സ്റ്റേഷന് സമീപം പാളത്തിൽ പശുവുമായി ട്രെയിൻ കൂട്ടിയിടിച്ചത്. ഇടിയിൽ ആദ്യ കോച്ചിന്‍റെ മുൻഭാഗം ചളുങ്ങി. 10 മിനിറ്റ് നിർത്തിയിട്ട് പരിശോധനകൾക്ക് ശേഷമാണ് ട്രെയിൻ സർവീസ് പുനരാരംഭിച്ചത്. ഇതേ റൂട്ടിലാണ് വ്യാഴാഴ്ച വന്ദേഭാരത് ട്രെയിൻ കന്നുകാലിക്കൂട്ടവുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ നാല് പോത്തുകൾ ചത്തു. ട്രെയിനിന്‍റെ മുൻഭാഗത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു.