മുൻവശം തകർന്ന വന്ദേഭാരത് ട്രെയിൻ നന്നാക്കിയത് 24 മണിക്കൂറിനുള്ളിൽ   

മുംബൈ: പോത്തുകളുമായി കൂട്ടിയിടിച്ച് തകർന്ന വന്ദേഭാരത് ട്രെയിനിന്‍റെ മുൻഭാഗം 24 മണിക്കൂറിനുള്ളിൽ അറ്റകുറ്റപ്പണി നടത്തി അധികൃതർ. ട്രെയിനിന്‍റെ ഡ്രൈവർ കോച്ചിന്‍റെ മുൻവശത്തെ കോൺ കവറും മൗണ്ടിംഗ് ബ്രാക്കറ്റുകളും കേടായിരുന്നു. എന്നാൽ, ട്രെയിനിന്‍റെ പ്രധാന ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നില്ല. മുംബൈ സെൻട്രലിലെ കോച്ച് കെയർ സെന്ററിലാണ് കേടുപാടുകൾ സംഭവിച്ച ഭാഗം അറ്റകുറ്റപ്പണി നടത്തിയതെന്ന് വെസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സുമിത് താക്കൂർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഗുജറാത്തിലെ അഹമ്മദാബാദിനടുത്ത് മുംബൈ-ഗാന്ധിനഗർ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്‍റെ മുൻഭാഗം പോത്തുകളെ ഇടിച്ച് തകർന്നത്. വ്യാഴാഴ്ച രാവിലെ 11.15 ഓടെയായിരുന്നു അപകടം. അഹമ്മദാബാദിലെ വത്വ, മണിനഗർ പ്രദേശങ്ങൾക്കിടയിലാണ് സംഭവം. അപകടത്തിന് ശേഷം പാനൽ ഇല്ലാതെയാണ് സർവീസ് പൂർത്തിയാക്കിയത്.

എഫ്ആർപി (ഫൈബർ-റൈൻഫോഴ്സ്ഡ് പ്ലാസ്റ്റിക്) ഉപയോഗിച്ചാണ് മുൻവശം നിർമ്മിച്ചിരിക്കുന്നത്.  ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും വെസ്റ്റേൺ റെയിൽവേ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. വന്ദേഭാരത് സീരീസിന് കീഴിലുള്ള മൂന്നാമത്തെ സർവീസ് സെപ്റ്റംബർ 30ന് ഗാന്ധിനഗറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. 

ഇന്‍റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിലെ വിദഗ്ധരുടെ അഭിപ്രായത്തിൽ, പുതിയ വന്ദേഭാരതിന്‍റെ മുൻഭാഗം കൂട്ടിയിടിച്ചാൽ പുറംചട്ട പൊളിയുന്ന തരത്തിൽ ഫൈബർ ഉപയോഗിച്ച് നിർമ്മിച്ചതാണ്. പാളം തെറ്റുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും. കൂടാതെ, സുരക്ഷാ സവിശേഷതകളുടെ കാര്യത്തിൽ, പുതിയ ട്രെയിനിൽ മുൻ വന്ദേഭാരത് ട്രെയിനുകളിൽ ഇല്ലാത്ത ഓട്ടോമാറ്റിക് ആന്‍റി-കൊളീഷൻ സിസ്റ്റം സജ്ജീകരിച്ചിട്ടുണ്ട്. കോച്ചുകളിൽ ഡിസാസ്റ്റർ ലൈറ്റുകൾ ഉണ്ട്.  അവയുടെ ബാറ്ററി ബാക്കപ്പ് മൂന്ന് മണിക്കൂറാണ്.