കലോത്സവ നഗരിയില്‍ സേവനങ്ങളുമായി വിവിധ വകുപ്പുകള്‍

കോഴിക്കോട്: ഈ വർഷത്തെ കേരള സ്കൂൾ കലോൽസവത്തിന് കോഴിക്കോട് നഗരം ആതിഥ്യമരുളുമ്പോൾ ജില്ലയിലെ വിവിധ വകുപ്പുകൾ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ ഡോ എൻ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കം ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നഗരത്തിൽ നടക്കുമ്പോൾ ജില്ലാ ഭരണകൂടവുമായി ചേർന്ന് അക്ഷീണം പ്രവർത്തിക്കാൻ ഒരുങ്ങുകയാണ് വകുപ്പുകൾ ഒന്നടങ്കം.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്നവർ അവരുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. കലോൽസവ നഗരിയിലെ എല്ലാ വേദികളിലും ആരോഗ്യവകുപ്പ് മെഡിക്കൽ സംഘത്തോടൊപ്പമുണ്ടാകും. ഒരു വിളിക്കപ്പുറം ആംബുലന്‍സുകളും തയ്യാറായിരിക്കും. മൊബൈൽ മെഡിക്കൽ യൂണിറ്റ് സൗകര്യങ്ങളുള്ള ആംബുലൻസുകളാണ് മറ്റൊരു സവിശേഷത. ആരോഗ്യ വകുപ്പ്, കോഴിക്കോട് മെഡിക്കൽ കോളേജ്, സ്വകാര്യ ആശുപത്രികൾ എന്നിവയുടെ മെഡിക്കൽ ടീമുകൾ കലാകാരൻമാരെയും പ്രേക്ഷകരെയും നിരന്തരം നിരീക്ഷിക്കും. ഒരു ടീമിൽ കുറഞ്ഞത് ഒരു ഡോക്ടറെങ്കിലും ഉണ്ടാകും. ഒരു നഴ്സിംഗ് ഓഫീസറും നഴ്സിംഗ് അസിസ്റ്റന്‍റും സംഘത്തിലുണ്ടാകും.

പ്രധാന വേദിയായ വിക്രം മൈതാനത്ത് ഒന്നിലധികം മെഡിക്കൽ ടീമുകൾ സജ്ജമാണ്. കൂടാതെ, എല്ലാ വേദികളിലും മെഡിക്കൽ ടീമിനെ നിരീക്ഷിക്കാനും നിർദ്ദേശങ്ങൾ നൽകാനും പൊതുജനാരോഗ്യ വകുപ്പ് പ്രവർത്തിക്കും. ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, പബ്ലിക് റിലേഷൻസ് ഓഫീസർ എന്നിവരടങ്ങുന്ന സംഘം എല്ലാ വേദികളിലും ഉണ്ടാകും. കലോൽസവ നഗരിയിൽ അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള മരുന്നുകളും പ്രഥമ ശുശ്രൂഷാ സൗകര്യങ്ങളുമായി ആരോഗ്യവകുപ്പ് സാന്നിദ്ധ്യം അറിയിക്കും.