ശശികലയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി സി.പി.ഐ.എം

മലപ്പുറം: മലബാർ കലാപത്തെ അവഹേളിച്ച് സംസ്ഥാനത്തിന്‍റെ സമാധാനാന്തരീക്ഷവും മതസൗഹാർദവും തകർക്കാനും മതസ്പർദ്ധ വളർത്താനുമാണ് സംഘപരിവാർ ശ്രമിക്കുന്നതെന്ന് സി.പി.ഐ(എം) മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് കെ.പി. ശശികലയുടെ വിവാദ പ്രസ്താവനയ്ക്കെതിരെയാണ് സിപിഐ(എം) പ്രസ്താവന.

മലബാർ കലാപത്തിന്‍റെ പോരാളികൾക്കായി രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും സ്മാരകങ്ങളുണ്ട്. എന്നാൽ മലപ്പുറത്ത് സ്മാരകം നിർമ്മിക്കാനുള്ള തീരുമാനത്തിനെതിരെ ഹിന്ദു ഐക്യവേദിയുടെ പേരിൽ നടന്ന പ്രതിഷേധം ബോധപൂർവ്വമാണെന്ന് സി.പി.ഐ(എം) പ്രസ്താവനയിൽ പറഞ്ഞു.

മലബാർ കലാപം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‍റെയും സാമ്രാജ്യ വിരുദ്ധ പോരാട്ടത്തിന്‍റെയും ഭാഗമാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും എന്നും അനുസ്മരിക്കപ്പെടേണ്ട രക്തസാക്ഷികളുടെ പട്ടികയിലാണുള്ളതെന്നും പ്രസ്താവനയിൽ പറഞ്ഞു.