രാജി നൽകാതെ വിസിമാർ; നിയമപരമായി നീങ്ങാൻ തീരുമാനം

തിരുവനന്തപുരം: രാവിലെ 11.30ന് മുൻപ് രാജിവയ്ക്കണമെന്ന ഗവർണറുടെ അന്ത്യശാസനം അവസാനിക്കാനിരിക്കെ വൈസ് ചാൻസലർമാരാരും ഇതുവരെ രാജി സമർപ്പിച്ചിട്ടില്ല. മാത്രമല്ല, ഒൻപത് വി.സിമാരും ഗവർണർക്കെതിരെ നിയമപരമായി നീങ്ങാനും തീരുമാനിച്ചിട്ടുണ്ട്. സർക്കാർ കക്ഷിയല്ലാത്തതിനാൽ അവർ സ്വന്തം നിലയ്ക്ക് കോടതിയെ സമീപിക്കും. നിയമവിദഗ്ധരുമായി ഇവർ കൂടിക്കാഴ്ച നടത്തും.

അതേസമയം ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10.30ന് വാർത്താസമ്മേളനം നടത്തും. പാലക്കാട് വച്ചായിരിക്കും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. വി.സിമാരോട് രാജിവയ്ക്കരുതെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർ രാജിവച്ചില്ലെങ്കിൽ ഒൻപത് പേരെയും രാജ്ഭവൻ ഇന്ന് തന്നെ പുറത്താക്കിയേക്കും.

പുതിയ വി.സിമാരായി സീനിയർ പ്രൊഫസർമാർക്ക് ചുമതല നൽകാനാണ് സാധ്യത. യു.ജി.സി മാനദണ്ഡം പാലിക്കാതെ ഉള്ള നിയമനങ്ങളിൽ ആണ് ഗവർണറുടെ അസാധാരണ നടപടി.