ദയാബായിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് വി ഡി സതീശൻ

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന സാമൂഹിക പ്രവർത്തക ദയാബായിക്ക് പൂർണ്ണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ദയാബായിയുടേത് ന്യായമായ പോരാട്ടമാണ്. ഈ സമരത്തെ സർക്കാരിന് എങ്ങനെ കാണാതിരിക്കാനാകും? പരിഹാരമുണ്ടായില്ലെങ്കിൽ യു.ഡി.എഫ് പ്രഖ്യാപിച്ച സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ദയാബായിയെ കാണാൻ എത്തിയതായിരുന്നു സതീശൻ. സമരത്തിന് പൂർണ പിന്തുണ നൽകാൻ യു.ഡി.എഫ് തീരുമാനിച്ചതായി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ദേശീയതലത്തിൽ അറിയപ്പെടുന്ന 82-കാരിയായ ദയാബായി വെയിലും മഴയും കൊണ്ട് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുന്നത് സർക്കാരിന് എങ്ങനെയാണ് കാണാതിരിക്കാൻ കഴിയുന്നത്?

എൻഡോസൾഫാൻ ദുരിതബാധിതരോടും ദയാബായിയോടുമുള്ള ക്രൂരമായ അവഗണനയാണിത്. ദയാബായി ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാരിന് ഒരു തടസ്സവുമില്ല. നിർഭാഗ്യവശാൽ, മന്ത്രിമാർ ദയാബായിയുമായി നടത്തിയ ചർച്ചകൾക്ക് വിപരീതമായാണ് രേഖാമൂലമുള്ള മറുപടി പുറത്തുവന്നത്. ഈ വിഷയത്തിൽ മന്ത്രിമാരുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായി. എൻഡോസൾഫാൻ പ്രശ്നം അറിയാവുന്നവരല്ല കത്ത് തയ്യാറാക്കിയത്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സതീശൻ പറഞ്ഞു.