വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിനെ ഈ മാസം ആദ്യം ഒഴിവാക്കിയെന്ന വാദം പൊളിഞ്ഞു

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചവരിൽ ഉൾപ്പെട്ട എസ്.എഫ്.ഐ നേതാവ് കെ.ആർ അവിഷിത്തിനെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് ഈ മാസം ആദ്യം മാറ്റിയെന്ന വാദം തെറ്റാണെന്നു തെളിഞ്ഞു.

അവിഷിത്തിനെ സർവീസിൽ നിന്ന് ഒഴിവാക്കിയ പൊതുഭരണ വകുപ്പിന്റെ ഉത്തരവ് ഇന്നാണ് പുറത്തിറങ്ങിയത്. ഈ മാസം 15 മുതൽ മുൻകാലപ്രാബല്യത്തോടെയാണ് നീക്കുന്നതെന്ന് ഉത്തരവിലുണ്ട്.

വ്യക്തിപരമായ കാരണങ്ങളാൽ അവിഷിത്തിനെ ഈ മാസം ആദ്യം സ്ഥലം മാറ്റിയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഓഫീസ് ആക്രമിച്ച സംഭവം വിവാദമായതോടെയാണ് തിടുക്കത്തിൽ ഉത്തരവിറക്കിയതെന്നാണ് വിവരം.