സ്ത്രീ സുരക്ഷയ്ക്കു വേണ്ടി വാങ്ങിയ വാഹനങ്ങൾ ഓടുന്നത് എംഎൽഎമാർക്കുവേണ്ടി; ഷിൻഡെ സർക്കാർ വിവാദത്തിൽ

മുംബൈ: സ്ത്രീകളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി ഉപയോഗിക്കേണ്ട നിർഭയ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വാഹനങ്ങൾ മഹാരാഷ്ട്രയിലെ എം.എൽ.എമാർക്കും എം.പിമാർക്കും ഉപയോഗിക്കുന്നുവെന്ന് ആരോപണം. ശിവസേനയിലെ ഏക്നാഥ് ഷിൻഡെ വിഭാഗത്തിലെ എംഎൽഎമാർക്കും എംപിമാർക്കും വൈ പ്ലസ് സുരക്ഷ നൽകാനാണ് ഈ വാഹനങ്ങൾ ഉപയോഗിക്കുന്നത്. വിവരം പുറത്ത് വന്നതോടെ കോണ്‍ഗ്രസും എൻസിപിയും ഷിൻഡെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി.

നിർഭയ ഫണ്ടിൽ നിന്ന് അനുവദിച്ച 30 കോടിയിലധികം രൂപയ്ക്ക് 220 ബൊലേറോകൾ, 35 എർട്ടിഗാസ്, 313 പൾസർ ബൈക്കുകൾ, 200 ആക്ടീവ സ്കൂട്ടറുകൾ എന്നിവ ജൂണിൽ വാങ്ങിയിരുന്നു. ജൂലൈയിൽ 97 പൊലീസ് സ്റ്റേഷനുകളിലും സൈബർ, ട്രാഫിക്, തീരദേശ പൊലീസ് യൂണിറ്റുകളിലും ഇവ വിതരണം ചെയ്തു. ഇതിൽ 47 ബൊലേറോകളെ മുംബൈ പൊലീസിന്‍റെ അഭ്യർത്ഥന മാനിച്ച് വിവിധ സ്റ്റേഷനുകളിൽ നിന്ന് തിരികെ കൊണ്ടുവന്നതായി അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ഷിൻഡെ വിഭാഗത്തിലെ എം.എൽ.എമാർക്കും എം.പിമാർക്കും അകമ്പടി സേവിക്കാൻ വേണ്ടിയാണ് ഇവ തിരികെ വാങ്ങിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, ഇതിൽ 17 വാഹനങ്ങൾ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സ്റ്റേഷനുകളിലേക്ക് തിരിച്ചയച്ചു. ഇനിയും 30 ബൊലേറോ തിരികെ കിട്ടാനുണ്ട്. ഇത് അതത് പൊലീസ് സ്റ്റേഷനുകളിലെ പട്രോളിംഗിനെ ബാധിക്കുന്നുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.