ആത്മഹത്യ ചെയ്ത കെ.കെ മഹേശനെ പൊതുവേദിയിൽ അവഹേളിച്ച് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ആത്മഹത്യ ചെയ്ത എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശനെ പൊതുവേദിയിൽ വച്ച് വെള്ളാപ്പള്ളി നടേശൻ അപമാനിച്ചു. പെണ്ണ് പിടുത്തക്കാരനായ മഹേശന്‍റെ പല കാര്യങ്ങളും വെളിപ്പെടുത്താൻ അർഹതയില്ലാത്തതാണെന്നും പാവപ്പെട്ട സ്ത്രീകളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

കെ കെ മഹേശന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞ ദിവസം കോടതി നിർദേശിച്ചിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനും ഗൂഢാലോചനയ്ക്കും മാരാരിക്കുളം പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എസ്.എൻ.ഡി.പി യോഗത്തിന്‍റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഉടൻ നടക്കും. ഈ സാഹചര്യത്തിലാണ് എസ്എൻഡിപി നേതൃത്വം കണിച്ചുകുളങ്ങരയിൽ രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചത്.

തന്നെയും മകനെയും യോഗനേതൃത്വത്തിൽ നിന്ന് പുറത്താക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് പുതിയ കേസെന്ന് ആരോപിച്ച വെള്ളാപ്പള്ളി നടേശൻ പ്രസംഗത്തിലുടനീളം കെ.കെ.മഹേശനെ വ്യക്തിപരമായി അപമാനിക്കാൻ ശ്രമിച്ചു. പെണ്ണ് പിടുത്തക്കാരനായ മഹേശന്‍റെ പല കാര്യങ്ങളും വെളിപ്പെടുത്താൻ അർഹതയില്ലാത്തതാണെന്നും പാവപ്പെട്ട സ്ത്രീകളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നും വെള്ളാപ്പള്ളി ആരോപിച്ചു. അഴിമതിക്കേസിൽ പിടിപ്പിക്കപ്പെടുമെന്നായപ്പോള്‍ ആത്മഹത്യ ചെയ്തതിൽ താന്‍ എന്ത് തെറ്റാണ് ചെയ്തതെന്നും വെള്ളാപ്പള്ളി ചോദിച്ചു.