ഇഡി സമൻസിനെതിരായ തോമസ് ഐസകിന്റെയും കിഫ്ബിയുടേയും ഹർജിയിൽ വിധി ഇന്ന്

കൊച്ചി: കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന്. ജസ്റ്റിസ് വി.ജി അരുൺ രാവിലെ വിധി പറയും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നൽകിയതിനെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് 10നാണ് തോമസ് ഐസക്കും കിഫ്ബിയും ഹൈക്കോടതിയെ സമീപിച്ചത്.

മസാല ബോണ്ട് ഇഷ്യൂ ചെയ്തതിൽ ഫെമ ചട്ടങ്ങൾ ലംഘിച്ചുവെന്ന് അവകാശപ്പെടുന്ന ഇ.ഡി താൻ എന്ത് കുറ്റമാണ് ചെയ്തതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും ഐസക് ഹർജിയിൽ വാദിച്ചു. ഫെമ ലംഘനം അന്വേഷിക്കാൻ ഇഡിക്ക് അധികാരമില്ലെന്നും ഇത് റിസർവ് ബാങ്ക് അന്വേഷിക്കണമെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. നേരത്തെ നൽകിയ വ്യക്തിഗത വിവരങ്ങൾ ഇഡി ആവർത്തിച്ച് ആവശ്യപ്പെടുകയാണെന്നും തോമസ് ഐസക് ഹർജിയിൽ പറയുന്നു.  

എന്നാൽ, ഇ.ഡി അന്വേഷണത്തിനെതിരെ ഐസക്കും കിഫ്ബിയും നൽകിയ ഹർജികൾ അപക്വമാണെന്നും ഇ.ഡി സമൻസിനെ ചോദ്യം ചെയ്യാൻ വ്യക്തികൾക്ക് കഴിയില്ലെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. ഫെമ നിയമ ലംഘനം അന്വേഷിക്കാൻ ഇ.ഡിക്ക് അധികാരമുണ്ടെന്നും ഐസക്ക് കുറ്റക്കാരനാണോ അല്ലയോ എന്ന് പ്രാഥമിക ഘട്ടത്തിൽ പറയാനാകില്ലെന്നുമാണ് ഇ.ഡിയുടെ നിലപാട്. കിഫ്ബി മസാല ബോണ്ടുകൾ വിതരണം ചെയ്തതിൽ ഫെമ ചട്ടങ്ങളുടെ ലംഘനം നടന്നുവെന്ന പരാതികളുടെയും സി.എ.ജി റിപ്പോർട്ടിന്‍റെയും അടിസ്ഥാനത്തിലാണ് അന്വേഷണമെന്ന് ഇ.ഡി പറഞ്ഞു. കിഫ്ബിക്ക് വിദേശപണം ലഭിച്ചതുമായി ബന്ധപ്പെട്ട് 2021 മാർച്ചിലാണ് കിഫ്ബി സി.ഇ.ഒ അടക്കമുള്ളവർക്കെതിരെ ഇ.ഡി അന്വേഷണം ആരംഭിച്ചത്.