വഫ ഫിറോസിന്റെ വിടുതൽ ഹർജികളിൽ വിധി 19 ന്

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി വഫ ഫിറോസിന്‍റെ വിടുതൽ ഹർജിയിൽ 19ന് വിധി പറയും. ഹർജികളിൽ വാദം പൂർത്തിയായി. തിരുവനന്തപുരം ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജിയാണ് ഹർജിയിൽ വിധി പറയുക.

ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ മദ്യലഹരിയിൽ അമിത വേഗത്തിൽ വാഹനമോടിക്കാൻ പ്രേരിപ്പിച്ചെന്നാണ് വഫ ഫിറോസിനെതിരെയുള്ള ആരോപണം. എന്നാൽ താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും സാക്ഷികൾ തനിക്കെതിരെ മൊഴി നൽകിയിട്ടില്ലെന്നും വഫ പറഞ്ഞു. കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമനും കോടതിയെ സമീപിച്ചിട്ടുണ്ട്. മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് തെളിയിക്കാൻ പൊലീസിന് കഴിയാത്തതിനാൽ തനിക്കെതിരായ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും ശ്രീറാം വാദിച്ചു.

2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിയോടെയാണ് മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ മ്യൂസിയത്തിന് സമീപം ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാർ ഇടിച്ചത്. കെ.എം.ബഷീറിനെ ഇടിച്ച വാഹനം വഫ ഫിറോസിന്‍റെ പേരിലായിരുന്നു. വഫ ഫിറോസാണ് വാഹനം ഓടിച്ചിരുന്നതെന്ന് വരുത്തിത്തീർക്കാൻ ശ്രീറാം വെങ്കിട്ടരാമൻ ശ്രമം നടത്തിയിരുന്നു. വഫയാണ് കാർ ഓടിച്ചിരുന്നതെന്നാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ദൃക്സാക്ഷികളുടെയും മാധ്യമപ്രവർത്തകരുടെയും ഇടപെടലോടെ ശ്രീറാമും പൊലീസും ഈ നീക്കത്തിൽ പരാജയപ്പെട്ടു. സ്റ്റേഷനിൽ എത്തിച്ച ശേഷം വിട്ടയച്ച വഫ ഫിറോസിനെ സ്റ്റേഷനിലേക്ക് തിരികെ വിളിച്ചുവരുത്തുകയായിരുന്നു. വാഹനം ഓടിച്ചിരുന്നത് ശ്രീറാമാണെന്നാണ് വഫ പൊലീസിനോട് പറഞ്ഞത്.