മുതിർന്ന തെലുങ്ക് നടൻ സത്യനാരായണ വിടവാങ്ങി
ഹൈദരാബാദ്: ആറ് പതിറ്റാണ്ടിലേറെ തെലുങ്ക് സിനിമയിലെ നിറസാന്നിദ്ധ്യമായിരുന്ന മുതിർന്ന നടൻ കെ. സത്യനാരായണ (കൈകാല സത്യനാരായണ-87) നിര്യാതനായി. വെള്ളിയാഴ്ച രാവിലെ ഹൈദരാബാദിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. നായകനായും വില്ലനായും 800 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകൾക്കൊപ്പം സാമൂഹിക നാടകങ്ങളിലും അഭിനയിച്ചു. 1996 ൽ ആന്ധ്രാപ്രദേശിലെ മസൂലിപട്ടണം മണ്ഡലത്തിൽ നിന്ന് തെലുഗുദേശം പാർട്ടിയുടെ എംപിയായി. 1935-ൽ കൃഷ്ണ ജില്ലയിലാണ് അദ്ദേഹം ജനിച്ചത്.
എൻ.ടി. രാമറാവുവിന്‍റെ ഡ്യൂപ്പായിട്ടാണ് അദ്ദേഹം കരിയർ ആരംഭിച്ചത്. 1959-ൽ പുറത്തിറങ്ങിയ ചങ്കയ്യയുടെ ‘സിപ്പൈ കൂത്തുരു’ ആയിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ ചിത്രം. തുടർന്ന് നാഗേശ്വര റാവു, കൃഷ്ണ, ശോഭൻ ബാബു, ചിരഞ്ജീവി, നാഗാർജുന, മഹേഷ് ബാബു തുടങ്ങിയ വിവിധ തലമുറകളിലെ അഭിനേതാക്കൾക്കൊപ്പം പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. 2009 ൽ പുറത്തിറങ്ങിയ ‘അരുന്ധതി’ ആണ് അവസാന ചിത്രം. രാമഫിലിംസിന്‍റെ ബാനറിൽ കൊടമ സിംഹം, ബംഗാരു കുടുംബം, മുദ്ദുലുമുഗുഡു എന്നീ സിനിമകളും നിർമ്മിച്ചു. 2017 ൽ ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ്, ആന്ധ്രാപ്രദേശ് സർക്കാരിന്റെ നന്ദി ഫിലിം അവാർഡ് എന്നിവയുൾപ്പെടെ നിരവധി അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.
ഹൈദരാബാദിലെ ഫിലിംനഗറിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചിരിക്കുന്ന മൃതദേഹം ശനിയാഴ്ച സംസ്കരിക്കും. സത്യനാരായണയുടെ നിര്യാണത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി, മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, അഭിനേതാക്കളായ ചിരഞ്ജീവി, നാഗാർജുന, മഹേഷ് ബാബു, ജൂനിയർ എൻടിആർ തുടങ്ങിയവർ അനുശോചിച്ചു.