ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: മാർഗ്ഗരറ്റ് ആല്‍വയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എഎപിയും ജെഎംഎമ്മും

ദില്ലി: ഓഗസ്റ്റ് ആറിന് നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയെ പിന്തുണയ്ക്കും. ഡൽഹി മുഖ്യമന്ത്രിയും പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷം പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി ഏകകണ്ഠമായി ആൽവയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായി എഎപി വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് പറഞ്ഞു.

പാർട്ടിയിലെ എല്ലാ രാജ്യസഭാംഗങ്ങളും ഓഗസ്റ്റ് 6 ന് പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയ്ക്ക് വോട്ട് ചെയ്യും,” യോഗത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മുൻ പശ്ചിംമ ബംഗാള്‍ ഗവർണർ ജഗ്ദീപ് ധൻഖറിനെയാണ് എൻ ഡി എ നോമിനിയാക്കിയിരിക്കുന്നത്. ഇലക്ടറൽ കോളേജ് കണക്ക് പ്രകാരം, ബി ജെ പിക്ക് തന്നെ ലോക്‌സഭയിൽ 303 അംഗങ്ങളും രാജ്യസഭയിൽ 91 അംഗങ്ങളും ഉള്ളതിനാൽ ധൻഖറിന് മൂന്നിൽ രണ്ട് വോട്ടുകളുടെ പിന്തുണയോടെ വിജയിക്കാന്‍ സാധിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്.

ജനതാദൾ (യുണൈറ്റഡ്), വൈ എസ് ആർ സി പി, ബി എസ് പി, എ ഐ എ ഡി എം കെ, ശിവസേന തുടങ്ങിയ പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ എൻഡിഎ സ്ഥാനാർത്ഥിക്ക് 515 വോട്ടുകൾ ലഭിച്ചേക്കും. പാർട്ടികൾ ഇതുവരെ പ്രഖ്യാപിച്ച പിന്തുണ അനുസരിച്ച് ആൽവയുടെ സ്ഥാനാർത്ഥിത്വത്തിന് 190-200 വോട്ടുകൾ ലഭിക്കാൻ സാധ്യതയുണ്ട്. അതേസമയം, ലോക്സഭയിൽ 23 എംപിമാരും രാജ്യസഭയിൽ 16 എംപിമാരുമുള്ള തൃണമൂൽ കോൺഗ്രസ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്), തെലുങ്ക് ദേശം പാർട്ടി (ടിഡിപി) തുടങ്ങിയ ചില പ്രാദേശിക പാർട്ടികൾ ഇതുവരെ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.