ആപ്പിളിലും വിജയക്കൊടി പാറിച്ച് തൊഴിലാളി യൂണിയന്‍

മേരിലാന്‍ഡ്: സാങ്കേതികമേഖല രംഗത്തെ വമ്പൻ ആപ്പിളിലും തൊഴിലാളി യൂണിയൻ ആരംഭിക്കുന്നു. അമേരിക്കയിലെ മേരിലാൻഡിലുള്ള ആപ്പിളിന്റെ റീട്ടെയിൽ യൂണിറ്റിലെ തൊഴിലാളികളാണ് യൂണിയൻ ആരംഭിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തത്.

ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് മെഷീനിസ്റ്റ്സ് ആൻഡ് എയ്റോസ്പേസ് വർക്കേഴ്സിൽ ചേരുന്നതിന് നൂറോളം തൊഴിലാളികൾ അനുകൂലമായി വോട്ട് ചെയ്തു. മേരിലാൻഡിലെ ആപ്പിൾ വർക്കേഴ്സ് യൂണിയനെ സംഘടിത റീട്ടെയ്ല്‍ തൊഴിലാളികളുടെ സഖ്യം എന്ന് വിളിക്കുന്നു. അമേരിക്കയിലെ ആപ്പിളിന്റെ റീട്ടെയിൽ സ്ഥാപനങ്ങളിലെ ആദ്യത്തെ തൊഴിലാളി യൂണിയനായിരിക്കും ഇത്.

തിരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെ ആപ്പിൾ സിഇഒ ടിം കുക്കിന് അയച്ച കത്തിൽ, ഭൂരിഭാഗം തൊഴിലാളികളുടെയും പിന്തുണ തങ്ങൾക്കുണ്ടെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. “മാനേജ്മെൻറിനെതിരെ നിലകൊള്ളാനോ അവരുമായി സംഘർഷങ്ങൾ സൃഷ്ടിക്കാനോ അല്ല ഞങ്ങൾ യൂണിയൻ രൂപീകരിക്കുന്നത്. നിലവിൽ നിഷേധിക്കപ്പെടുന്ന ഞങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് ഈ യൂണിയന്റെ ലക്ഷ്യം,” കത്തിൽ പറയുന്നു.