വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോം സൂമിന് അപ്ഗ്രേഡ്; ഇനി മെയിലും കലണ്ടറും

വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമായ സൂം സേവനങ്ങൾ വിപുലീകരിക്കുന്നു. സൂം മെയിൽ, കലണ്ടർ തുടങ്ങിയ പുതിയ സേവനങ്ങൾ കമ്പനി അവതരിപ്പിക്കുന്നു. ഇവയുടെ ബീറ്റാ പതിപ്പ് ഇതിനകം പ്രവർത്തനം തുടങ്ങി. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ വർക്ക് ഫ്രം ഹോം രീതി വ്യാപകമായതോടെയാണ് സൂമിന്‍റെ ഉപയോഗം കുത്തനെ ഉയർന്നത്.

2021 ന്‍റെ മൂന്നാം പാദത്തിൽ കമ്പനി 369 ശതമാനം വളർച്ച രേഖപ്പെടുത്തി. കോവിഡ് കുറഞ്ഞതോടെ 2023 പകുതിയോടെ സൂമിന്‍റെ വളർച്ച 8 ശതമാനമായി കുറയുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തിലാണ് കമ്പനി പുതിയ സേവനങ്ങളുമായി എത്തുന്നത്. യുഎസിലെയും കാനഡയിലെയും സൂം വൺ പ്രോ, സൂം സ്റ്റാൻഡേർഡ് പ്രോ ഉപഭോക്താക്കൾക്ക് അധിക ചെലവില്ലാതെ ഇമെയിൽ, കലണ്ടർ സേവനങ്ങൾ ഉപയോഗിക്കാം.

വിവിധ പ്ലാനുകളെ ആശ്രയിച്ച് ഉപഭോക്താക്കൾക്ക് 15 ജിബി മുതൽ 100 ജിബി വരെ സ്റ്റോറേജ് സൗകര്യവും സൂം മെയില്‍ വാഗ്ദാനം ചെയ്യും. സൂമിന്‍റെ ഇമെയിൽ സേവനം എൻഡ്-ടു-എൻഡ് എന്‍ക്രിപ്റ്റഡ് ആയിരിക്കും. അതേസമയം, മറ്റ് തേര്‍ഡ് പാര്‍ട്ടി ഇമെയിലുകള്‍ സൂം ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കുന്നതിൽ നിയന്ത്രണമുണ്ടാകില്ല.