വിജിലന്‍സ് സിഐക്ക് ആള്‍ക്കൂട്ട മർദ്ദനം; 15 പേർക്കെതിരെ കേസ്

തിരുവനന്തപുരം: വെമ്പായത്ത് വിജിലൻസ് സിഐയെ ആൾക്കൂട്ടം ആക്രമിച്ചു. വെമ്പായം സ്വദേശിയായ വിജിലൻസ് സി.ഐ യഹിയ ഖാനെയാണ് സംഘം മർദ്ദിച്ചത്. തിങ്കളാഴ്ച രാത്രി 11.30 ഓടെ വീടിന് മുന്നിലായിരുന്നു സംഭവം. പരിക്കേറ്റ സിഐയെ കന്യാകുളങ്ങരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രി വെമ്പായത്തെ തേക്കട റോയൽ ഓഡിറ്റോറിയത്തിൽ വ്യോമസേനാ ഉദ്യോഗസ്ഥന്‍റെ വിവാഹ വാർഷിക ആഘോഷം നടന്നിരുന്നു. സി.ഐ.യുടെ വീടിന് മുന്നിൽ പങ്കെടുക്കാനെത്തിയവരുടെ വാഹനം പാർക്ക് ചെയ്തതിനെച്ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. ഇതേതുടർന്ന് ഒരു സംഘം ആളുകൾ ചേർന്ന് സിഐയെ ആക്രമിക്കുകയായിരുന്നു.

പൊലീസ് സംഭവസ്ഥലത്ത് നിന്ന് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.