സംസ്ഥാനത്തെ പി.ഡബ്ല്യു.ഡി റോഡുകളിൽ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

സംസ്ഥാനത്ത് തകർന്ന റോഡുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. കരാറുകാരുമായി ചേർന്ന് ചില ഉദ്യോഗസ്ഥർ ക്രമക്കേട് നടത്തുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി മാസങ്ങൾക്കുള്ളിൽ റോഡ് തകർന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. ഓപ്പറേഷൻ സരൾ റാസ്ത എന്ന പേരിലാണ് പരിശോധന നടത്തുന്നത്.

സംസ്ഥാനത്ത് കഴിഞ്ഞ ആറ് മാസത്തിനിടെ പൂർത്തീകരിച്ചതും, അറ്റകുറ്റപ്പണി നടത്തിയതുമായ റോഡുകൾ മാസങ്ങൾക്കുള്ളിൽ തകർന്നതായി നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. നേരത്തെയും വിജിലൻസ് സ്ഥിതിഗതികൾ പരിശോധിച്ചിരുന്നു. റോഡിലെ കുഴികളെക്കുറിച്ച് പുതിയ പരാതികൾ ലഭിച്ച പശ്ചാത്തലത്തിലാണ് മിന്നൽ പരിശോധന. എൻജിനീയർമാർ ഉൾപ്പെടെയുള്ള ചില ഉദ്യോഗസ്ഥർ കരാറുകാരുമായി ചേർന്ന് ക്രമക്കേട് നടത്തുന്നതായി വിജിലൻസിന് മുമ്പാകെ പരാതി ലഭിച്ചിട്ടുണ്ട്.

പി.ഡബ്ല്യു.ഡി റോഡുകളിലാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തുന്നത്. മിന്നൽ പരിശോധനയ്ക്ക് വിജിലൻസ് മേധാവി മനോജ് എബ്രഹാമാണ് നിർദേശം നൽകിയത്. വിജിലൻസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥനായ എസ് ബിജുമോന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തുന്നത്.