വിഘ്‍നേശ് ശിവനും അജിത്തും ഒന്നിക്കുന്നു; ജനുവരിയില്‍ ഷൂട്ടിങ് തുടങ്ങിയേക്കും

അജിത്തിന്‍റെ വരാനിരിക്കുന്ന ചിത്രം ‘തുനിവ്’ പൊങ്കൽ റിലീസിന് തയ്യാറെടുക്കുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഡബ്ബിംഗ് ജോലികൾ അടുത്തിടെയാണ് അജിത്ത് പൂർത്തിയാക്കിയത്. എച്ച് വിനോദ് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇതിനിടെ വിഘ്‍നേശ് ശിവനും അജിത്തും ആദ്യമായി ഒരു ചിത്രത്തിൽ ഒന്നിക്കുന്നുവെന്ന് പുതിയ റിപ്പോർട്ടുകൾ.

‘എകെ 62’ എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. 2023 ജനുവരിയിൽ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിൽ തൃഷ നായികയാകുമെന്നും റിപ്പോർട്ടുകളുണ്ട്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറാണ്.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘തുനിവ്’ എന്ന ചിത്രത്തിന് വലിയ സ്ക്രീൻ കൗണ്ട് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ‘തുനിവ്’ തിയേറ്റർ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ.