‘വിജയ് ബാബു പണം വാഗ്ദാനം ചെയ്തു’; വെളിപ്പെടുത്തലുമായി അതിജീവിത

കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബു ഒളിവിലായിരുന്നപ്പോൾ പണം വാഗ്ദാനം ചെയ്തിരുന്നെന്ന് വെളിപ്പെടുത്തലുമായി പരാതിക്കാരിയായ നടി. വിജയ് ബാബു തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ താൻ അത് നിരസിക്കുകയായിരുന്നുവെന്നും നടി പറയുന്നു.

വേണമെങ്കിൽ പണം വാങ്ങി സുഖമായി ജീവിക്കാമായിരുന്നുവെന്നും എന്നാൽ തന്റെ അനുഭവം അഭിമുഖീകരിക്കുന്ന സമാന ചിന്താഗതിക്കാരായ പെൺകുട്ടികൾക്ക് വേണ്ടിയായിരുന്നു തന്റെ പോരാട്ടമെന്നും അതിൽ നിന്ന് പിന്നോട്ടില്ലെന്നും അതിജീവ പറഞ്ഞു. ശാരീരികമായും മാനസികമായും ലൈംഗികമായും ഉപദ്രവിച്ച ഒരാള്‍ ഒന്നും സംഭവിക്കാത്തതുപോലെ ജീവിക്കുന്നത് കാണാൻ ആത്മാഭിമാനമുള്ള ഒരു സ്ത്രീക്കും കഴിയില്ല.

അത്തരമൊരു സാഹചര്യത്തിലാണ് വിജയ് ബാബുവിനെതിരെ പരാതി നൽകിയതെന്നും നടി കൂട്ടിച്ചേർത്തു. പരാതി നൽകുന്നതിൽ നിന്ന് ആരും തന്നെ പിന്തിരിപ്പിക്കരുതെന്നും വീട്ടുകാർ പോലും അറിയാതെയാണ് പരാതി നൽകിയതെന്നും നടി പറഞ്ഞു. തന്റെ അഭിഭാഷകനുമായി സംസാരിച്ചപ്പോൾ, അതിൽ ഉൾപ്പെടുന്ന എല്ലാ അപകടസാധ്യതകളെക്കുറിച്ചും തനിക്ക് വ്യക്തമായി ബോധ്യപ്പെട്ടുവെന്നും നടി കൂട്ടിച്ചേർത്തു.