വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. നടന് അനുവദിച്ച ഇടക്കാല ജാമ്യം തുടരും. അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യമുള്ളപ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഹൈക്കോടതി പറഞ്ഞു. പരാതിക്കാരിയോട് സംസാരിക്കരുത്. കേസ് ജൂണ് ഏഴിന് പരിഗണിക്കും.സോഷ്യൽ മീഡിയയിൽ ഒരു തരത്തിലുള്ള പ്രതികരണവും നടത്തരുത്. മാധ്യമങ്ങളോട് സംസാരിക്കരുത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു.
ഇന്ന് രാവിലെയാണ് വിജയ് ബാബു ചോദ്യം ചെയ്യലിനായി തേവര പൊലീസ് സ്റ്റേഷനിൽ ഹാജരായത്. രാവിലെ ഒമ്പത് മണിയോടെയാണ് വിജയ് ബാബു പൊലീസ് സ്റ്റേഷനിലെത്തിയത്. 39 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം ഇന്നലെയാണ് വിജയ് ബാബു കൊച്ചിയിൽ തിരിച്ചെത്തിയത്. വിമാനമിറങ്ങിയ ശേഷം അദ്ദേഹം ക്ഷേത്രത്തിൽ ദർശനം നടത്തുകയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകുകയും ചെയ്തു. ഒമ്പതര മണിക്കൂറാണ് അന്വേഷണ സംഘം വിജയ് ബാബുവിനെ ചോദ്യം ചെയ്തത്.

കേസ് കെട്ടിച്ചമച്ചതാണെന്നും പരസ്പര സമ്മതത്തോടെയാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും വിജയ് ബാബു പൊലീസിനോട് പറഞ്ഞു. സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെ കാരണം. ഒളിവിൽ പോകാൻ ആരും സഹായിച്ചില്ലെന്നും വിജയ് ബാബു പൊലീസിനോട് പറഞ്ഞു.