അരയ്ക്ക് താഴെ ചലനശേഷി ഇല്ലാത്ത ആരാധകനെ കൈകളിലെടുത്ത് വിജയ്

തന്‍റെ പ്രിയപ്പെട്ട നടനോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ ആഗ്രഹിച്ച ഭിന്നശേഷിക്കാരനായ ആരാധകനെ കൈയിലെടുത്ത് നടൻ വിജയ്. തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ആരാധകരുമായി വിജയ് കൂടിക്കാഴ്ച നടത്തുകയാണ്. ഇതിനിടയിലാണ് വിജയ്യുടെയും ആരാധകന്‍റെയും മനോഹരമായ ചിത്രം വൈറലായത്.

അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട യുവാവ് ചിത്രം എടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അപ്രതീക്ഷിതമായാണ് വിജയ് കൈകളിലെടുത്തത്. വിജയ് മക്കൾ ഇയക്കം (വിഎംഐ) നേതാവ് ബസ്സി ആനന്ദ് ആണ് ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രങ്ങൾ ഉടൻ തന്നെ വൈറലായി.

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് വിജയ് ആരാധകരുമായി കൂടിക്കാഴ്ച നടത്തുന്നത്. നേരത്തെ, ഇത്തരം ചടങ്ങ് സംഘടിപ്പിച്ചിരുന്നുവെങ്കിലും കഴിഞ്ഞ അഞ്ച് വർഷമായി ഉണ്ടായിരുന്നില്ല. ഇത്തവണ തന്‍റെ പുതിയ ചിത്രമായ വാരിസ് പുതുവര്‍ഷത്തില്‍ റിലീസിന് ഒരുങ്ങുന്നതിന് മുന്നോടിയായിട്ടായിരുന്നു ആരാധകരുമായി കൂടിക്കാഴ്ച നടത്തിയത്.