അറബിക്കടലിൽ മാറ്റുരച്ച് വിക്രാന്തിന്റെ കപ്പൽവ്യൂഹ പരിശീലനം

കൊച്ചി: ഐഎൻഎസ് വിക്രാന്തിന്‍റെ പോരാട്ടവീര്യം പ്രദർശിപ്പിക്കുന്നതിനായി അറബിക്കടലിൽ നാവികാഭ്യാസം. സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചതിന് ശേഷമാണ് ആദ്യ ഫ്ലീറ്റ് ഇന്‍റഗ്രേഷൻ പ്രവർത്തന പരീക്ഷണങ്ങൾ പുരോഗമിക്കുന്നത്. വെസ്റ്റേൺ നേവൽ കമാൻഡിന്‍റെ പശ്ചിമ കപ്പൽപടയുടെ ഭാഗമാണ് വിക്രാന്ത്. ഈ മാസം ആദ്യം കൊച്ചിയിൽ നിന്ന് പുറപ്പെട്ട ഐ.എൻ.എസ് വിക്രാന്ത് ഒരാഴ്ചയോളം സഞ്ചരിച്ച് അറബിക്കടലിലെ മുംബൈ മേഖലയിലെത്തി.

ചെറുതും വലുതുമായ ഒമ്പതിലധികം യുദ്ധക്കപ്പലുകൾ വിമാനവാഹിനിക്കപ്പലിനെ അനുഗമിക്കുന്നു. ഹെലികോപ്റ്ററുകളും പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്. വിമാനവാഹിനിക്കപ്പലുകൾ എല്ലായ്പ്പോഴും കപ്പൽപടയുടെ സംരക്ഷണത്തിലാണ് സഞ്ചരിക്കുന്നത്. സിസ്റ്റത്തിലെ എല്ലാ കപ്പലുകളുമായും സഹകരിച്ചുള്ള പരിശീലനം വ്യത്യസ്ത സാഹചര്യങ്ങളുമായി പ്രവർത്തിക്കുന്നതിന് അത്യന്താപേക്ഷിതമാണ്.

കപ്പലിലെ യന്ത്രങ്ങളും ആയുധങ്ങളും പ്രതികൂല സാഹചര്യങ്ങളിലും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഒരു യുദ്ധസാഹചര്യത്തിൽ അഭിമുഖീകരിക്കുന്ന ഭീഷണികൾ കൃത്രിമമായി സൃഷ്ടിച്ച് അവ സ്വയം അല്ലെങ്കിൽ മറ്റ് യുദ്ധക്കപ്പലുകളുടെ സഹായത്തോടെ സമയബന്ധിതമായി നിർവീര്യമാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് പരിശീലനത്തിന്‍റെ ലക്ഷ്യം. ഉന്നത നാവിക ഉദ്യോഗസ്ഥർ പരിശീലനത്തിന്‍റെ വിവിധ ഘട്ടങ്ങൾ നിരീക്ഷിക്കുന്നുണ്ട്. പരിശീലനം പൂർത്തിയാക്കി രണ്ടാഴ്ചയ്ക്കുള്ളിൽ വിക്രാന്ത് കൊച്ചിയിലേക്ക് മടങ്ങുമെന്നാണ് വിവരം.