വിസ്മയ കേസിലെ കുറ്റക്കാരൻ കിരണ്‍ ശിക്ഷാവിധിക്കെതിരേ അപ്പീലുമായി ഹൈക്കോടതിയില്‍

കൊച്ചി: കൊല്ലം വിസ്മയ കേസിലെ പ്രതി കിരൺ കുമാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിച്ച ശിക്ഷവിധിയ്ക്കെതിരെയാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. കിരൺ കുമാറിന്റെ അപ്പീൽ ഹൈക്കോടതി അടുത്ത മാസം പരിഗണിക്കും.

മെയ് 24നാണ് വിസ്മയയുടെ ഭർത്താവ് കിരണിനെ സ്ത്രീധന പീഡനത്തെ തുടർന്ന് കോടതി ശിക്ഷിച്ചത്. 10 വർഷം തടവും 12.55 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഐപിസിയിലെ അഞ്ച് വകുപ്പുകൾ പ്രകാരം ആകെ 25 വർഷം തടവിന് ശിക്ഷിച്ചെങ്കിലും എല്ലാ ശിക്ഷകളും ഒരേ സമയം നൽകണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിലാണ് ഇയാൾ ഇപ്പോൾ കഴിയുന്നത്.

ജൂൺ 21നാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തയാകാത്തതിനാലും വാഗ്ദാനം ചെയ്ത സ്വർണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡനം നേരിട്ട ശേഷം വിസ്മയ ജീവനൊടുക്കിയെന്നാണ് കേസ്. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന കിരണിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.