ഓണക്കിറ്റുകൾ അലക്ഷ്യമായി എറിയുന്ന ദൃശ്യങ്ങൾ പുറത്ത്

സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചു. കിറ്റ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആദ്യഘട്ടത്തിൽ റേഷൻ കടകളിൽ നിന്ന് മാത്രമേ കിറ്റ് വാങ്ങാൻ കഴിയൂ. എന്നാൽ സിവിൽ സപ്ലൈസ് റേഷൻ കടകളിലേക്ക് എത്തിക്കുന്ന കിറ്റുകൾ കൈകാര്യം ചെയ്യുന്നത് അലക്ഷ്യമായാണ്. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നു.

തിരുവനന്തപുരം കിളിമാനൂരിലെ റേഷൻ കടയിൽ കിറ്റുകൾ ഇറക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. കിറ്റുകൾ അശ്രദ്ധമായി വാഹനത്തിൽ നിന്ന് പുറത്തെടുത്ത് വലിച്ചെറിയുന്നതാണ് വീഡിയോയിൽ. രണ്ട് പേർ ചേർന്നാണ് ഓണക്കിറ്റുകൾ ഇറക്കുന്നത്. അവരിലൊരാൾ കിറ്റുകൾ വലിച്ചെറിയുന്നത് വ്യക്തമായി കാണാം.

മുൻ വർഷങ്ങളിൽ ഓണക്കിറ്റുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിരുന്നു. കിറ്റിലെ എണ്ണയും മറ്റ് ചില പാക്കറ്റ് ഉൽപ്പന്നങ്ങളും പൊട്ടി ഒലിക്കുന്ന അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. പ്രശ്നം പരിഹരിക്കാനാണ് ഇത്തവണ എണ്ണ നേരിട്ട് വിതരണം ചെയ്യുന്നത്. ഇതിനിടയിലാണ് കിറ്റ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ച ആദ്യ ദിവസം തന്നെ പുറത്തുവന്നത്. തുണിസഞ്ചികൾ ഉൾപ്പെടെ 14 ഇനങ്ങൾ അടങ്ങിയ കിറ്റ് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും വിതരണം ചെയ്യും.