വിവേക് അഗ്നിഹോത്രിയുടെ ‘ദി വാക്സിൻ വാര്‍’ ആരംഭിച്ചു; ഒപ്പം അനുപം ഖേറും

‘ദ കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ വിവേക് അഗ്നിഹോത്രി പുതിയ പ്രോജക്റ്റ് ആരംഭിച്ചു. സമീപകാലത്ത് ഉള്ളടക്കം കൊണ്ട് വളരെയധികം ചർച്ചകളും വിവാദങ്ങളും സൃഷ്ടിച്ച ‘ദി കശ്മീർ ഫയൽസ്’ ന്‍റെ സംവിധായകൻ്റെ പുതിയ ചിത്രമാണ് ‘ദി വാക്സിൻ വാർ’.  വിവേക് അഗ്നിഹോത്രി തന്നെയാണ് ‘ദി വാക്സിൻ വാര്‍’ പ്രഖ്യാപിച്ചത്. ചിത്രത്തിൽ അനുപം ഖേർ ജോയിൻ ചെയ്തു എന്നതാണ് ഏറ്റവും പുതിയ വാർത്ത.

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ലഖ്നൗവിലാണ് നടക്കുന്നത്. തന്‍റെ 354-ാമത്തെ ചിത്രമാണിതെന്ന് അനുപം ഖേർ പറയുന്നു. അനുപം ഖേർ തന്‍റെ ഒരു ചിത്രം പങ്കിട്ടാണ് ‘വാക്സിൻ വാറിൽ’ ജോയിൻ ചെയ്തതായി പ്രഖ്യാപിച്ചത്. 2023 ലെ സ്വാതന്ത്ര്യദിനത്തിൽ റിലീസ് ചെയ്യുന്ന ചിത്രം 11 ഭാഷകളിൽ റിലീസ് ചെയ്യും.

കോവിഡ്, രാജ്യത്തെ വാക്സിനേഷൻ പ്രക്രിയ എന്നിവയെക്കുറിച്ചുള്ളതായിരിക്കും സിനിമയെന്നാണ് റിപ്പോർട്ടുകൾ. അയാം ബുദ്ധ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. അഭിഷേക് അഗർവാൾ ആർട്സിന്‍റെ ബാനറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. അഭിനേതാക്കൾ ആരായിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല.