വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് വിഴിഞ്ഞം തുറമുഖത്ത് തയ്യാറാക്കിയിരിക്കുന്ന പടുകൂറ്റന്‍ വേദിയിലാണ് കമ്മീഷനിംഗ് ചടങ്ങുകള്‍ നടക്കുക. ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയ പ്രധാനമന്ത്രി രാജ്ഭവനിലാണ് തങ്ങുന്നത്. രാവിലെ 10.15 ന് പ്രധാനമന്ത്രി രാജ്ഭവനില്‍ നിന്ന് ഇറങ്ങും. പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ എത്തുന്ന പ്രധാനമന്ത്രി 10.25 ന് അവിടെനിന്ന് ഹെലികോപ്റ്ററില്‍ വിഴിഞ്ഞത്തേക്ക് തിരിക്കും.10.40 മുതല്‍ 20 മിനിറ്റ് സമയം പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിക്കും. പിന്നാലെ 11:00 മണിക്ക് ആരംഭിക്കുന്ന ചടങ്ങ് കൃത്യം ഒന്നരമണിക്കൂറില്‍ പൂര്‍ത്തിയാവും. മുഖ്യമന്ത്രി പിണറായി വിജയന്‍ , കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി , ജോര്‍ജ് കുര്യന്‍, തലസ്ഥാനത്തുനിന്നുള്ള മന്ത്രിമാര്‍ , ഡോ. ശശി തരൂര്‍ എം.പി, അടൂര്‍ പ്രകാശ് എം.പി, എ. എ റഹീം എം.പി, എം വിന്‍സെന്റ് എം.എല്‍.എ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ ക്ക് വേദിയില്‍ സ്ഥാനമുണ്ടാകും.