വിഴിഞ്ഞം സംഘർഷം; പ്രതികളായ ആയിരത്തോളം പേരെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ആക്രമണ കേസുകളിൽ പ്രതികളായ ആയിരത്തോളം പേരെ തിരിച്ചറിഞ്ഞു. വിലാസം ഉൾപ്പെടെയുള്ള പട്ടിക തയ്യാറാക്കി. സ്ത്രീകളടക്കമുള്ളവരെയാണ് തിരിച്ചറിഞ്ഞത്. 168 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ഡി.ഐ.ജി ആർ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിഴിഞ്ഞം കേസ് അന്വേഷിക്കുന്നത്. ക്രൈം കേസുകൾ അന്വേഷിക്കാൻ ഡി.സി.പി ലാൽജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘവുമുണ്ട്. ഒരാൾ തന്നെ ഒന്നിലധികം കേസുകളിൽ ഉൾപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്.

ഉന്നതതലത്തിൽ നിന്ന് അനുമതി ലഭിച്ചാൽ അറസ്റ്റുമായി മുന്നോട്ട് പോകും. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർക്കെതിരെ എല്ലാ ദിവസവും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയാണ്. എസ്.പിമാർ, ഡി.വൈ.എസ്.പിമാർ, ഇൻസ്പെക്ടർമാർ, എസ്.ഐമാർ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. വിഴിഞ്ഞത്ത് പൊലീസ് പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, വിഴിഞ്ഞം അക്രമത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. ആക്രമണത്തിന് പിന്നിലെ ഗൂഡാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞം സ്വദേശിയായ മുൻ ഡി.വൈ.എസ്.പിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സർക്കാരിന് അതിന് കഴിയുന്നില്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെയോ കേന്ദ്ര സേനയുടെയോ സഹായം തേടാൻ ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.