വിഴിഞ്ഞം സംഘർഷം; ആർച്ച് ബിഷപ്പിനെതിരെ കേസുണ്ട്, നിയമാനുസൃത നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനെതിരായ കേസ് ക്രമസമാധാന പാലനത്തിന്‍റെ ഭാഗമായുള്ള നിയമാനുസൃത നടപടിയാണെന്ന് മുഖ്യമന്ത്രി.

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ബിഷപ്പിനെതിരെ കേസെടുത്തിട്ടുണ്ടോയെന്ന അനൂപ് ജേക്കബിന്റെ ചോദ്യത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കേസെടുത്തിട്ടുണ്ടെന്നും ഹൈക്കോടതി ഉത്തരവ് ലംഘിച്ച് നടന്ന സമരത്തിനിടെയുണ്ടായ സംഭവങ്ങളിൽ ക്രമസമാധാന പാലനം നടത്തുന്നതിന്‍റെ ഭാഗമായാണ് കേസെടുത്തതെന്നും, നിയമാനുസൃത നടപടിയാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി മറുപടി നൽകി. കേസ് അന്വേഷണ ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സ്ഥലത്തില്ലാതിരുന്ന ബിഷപ്പിനെതിരെ കേസെടുക്കുന്നത് തെറ്റായ കീഴ് വഴക്കമാണെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിനും ഇതേ മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. ബിഷപ്പിനെതിരായ കേസ് പിൻവലിക്കുമോ എന്ന ചോദ്യത്തിനും ഇതേ മറുപടി തന്നെ മുഖ്യമന്ത്രി ആവർത്തിച്ചു.