വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമരം, ആസൂത്രിത സമരമെന്ന മുഖ്യമന്ത്രിയുടെ നിലപാട് ദൗര്‍ഭാഗ്യകരം: വിഡി സതീശന്‍

തിരുവനന്തപുരം: വിഴിഞ്ഞം പുനരധിവാസ പാക്കേജിലെ വ്യവസ്ഥകൾക്കനുസൃതമായി പുനരധിവാസം, ജീവനോപാദികള്‍ കണ്ടെത്താനുള്ള സഹായം വിദ്യാഭ്യാസ പാക്കേജ് എന്നിവ സമയബന്ധിതമായി നടപ്പാക്കുന്നതിലെ പരാജയം അടിയന്തരപ്രമേയ നോട്ടീസിൽ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. എന്നാല്‍ പദ്ധതി വന്നപ്പോള്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കു വേണ്ടി പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജിനെ കുറിച്ചാണ് മന്ത്രിമാര്‍ നിയസഭയില്‍ സംസാരിച്ചത്. എന്തോ ഔദാര്യം കൊടുത്തെന്ന മട്ടിലാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തുറമുഖ നിർമ്മാണം ആരംഭിച്ച് അഞ്ച് വർഷത്തേക്ക് നേരിട്ടും പരോക്ഷമായും ഉണ്ടായ നഷ്ടം നികത്താൻ പുനരധിവാസ പാക്കേജിന്‍റെ ഭാഗമായി അന്നത്തെ യു.ഡി.എഫ് സർക്കാർ 471 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. തുറമുഖ നിർമ്മാണം ആരംഭിക്കുമ്പോൾ തീരദേശ മണ്ണൊലിപ്പ് ഉൾപ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ നിരന്തരമായി ചര്‍ച്ച നടത്തിയാണ് പാക്കേജ് പ്രഖ്യാപിച്ചത്.

അതിരൂപതയുടെ സമരം സർക്കാരിനെ അട്ടിമറിക്കാനല്ല. സമരം ആസൂത്രിതമാണെന്ന മുഖ്യമന്ത്രിയുടെ പരാമർശം ദൗർഭാഗ്യകരമാണ്. തീരദേശവാസികളുടെ ആവലാതികൾക്ക് പരിഹാരം കാണാനാണ് അതിരൂപതയുടെ നേതൃത്വത്തിൽ സമരം നടത്തുന്നത്. പുറത്തുനിന്നുള്ളവരെ കൊണ്ടുവന്നാണ് പ്രതിഷേധം നടത്തുന്നതെന്നും ഗൂഡാലോചനയുണ്ടെന്ന് പറയുന്നതും പ്രതിഷേധാർഹമാണ്. ആ പ്രതിഷേധം കാരണമാണ് വലിയതുറയിലെ സിമെന്റ് ഗോഡൗണില്‍ കിടക്കുന്ന പാവങ്ങളെ വാടക വീട്ടിലേക്ക് മാറ്റാമെന്ന് മുഖ്യമന്ത്രിക്ക് ഇന്ന് പറയേണ്ടി വന്നത്.