വിഴിഞ്ഞം തുറമുഖ സമരക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം പൂർത്തിയാകാനിരിക്കെ വിഴിഞ്ഞം തുറമുഖം നിർത്തിവയ്ക്കണമെന്ന ആവശ്യമല്ലാതെ, ഉന്നയിക്കുന്ന ന്യായമായ ഒരു ആവശ്യവും പരിഗണിക്കാൻ, സർക്കാരിന് മടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടകംപള്ളി സുരേന്ദ്രന്‍റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി നിയമസഭയിൽ ഇക്കാര്യം പറഞ്ഞത്.

ഈ യാഥാർത്ഥ്യം മനസ്സിലാക്കി ഉടൻ സമരത്തിൽ നിന്ന് പിൻമാറാൻ ബന്ധപ്പെട്ടവരോട് സർക്കാർ അഭ്യർത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അവർ അതിന് തയ്യാറാവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. സമരക്കാർ ഉന്നയിച്ച ആവശ്യങ്ങൾ മാത്രമല്ല, പ്രാദേശികമായി മറ്റ് ആശങ്കകളും പ്രശ്നങ്ങളും സർക്കാർ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ധാരാളം പ്രശ്നങ്ങളും വെല്ലുവിളികളും നേരിടുന്ന ഒരു സമൂഹമാണ് മത്സ്യത്തൊഴിലാളികൾ. അതുകൊണ്ടാണ് തീരദേശത്തെ പ്രശ്നങ്ങൾക്ക് സർക്കാർ മുൻഗണന നൽകുന്നത്. അത് മനസ്സിലാക്കിയും ഉള്‍ക്കൊണ്ടും അനുഭവങ്ങളുടെ വെളിച്ചത്തിലും ഈ സമരത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ അടിയന്തിരമായി പിന്തിരിയണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.