വിഴിഞ്ഞം തുറമുഖ സമരം ; ഇന്ന് പത്താംദിനം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം ഇന്ന് പത്താം ദിവസത്തിലേക്ക് കടന്നു. കൊച്ചുവേളി, വലിയവേലി, വെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിൽ ഇന്ന് വാഹനറാലിയും ഉപരോധവും നടക്കും. സമരം ഒത്തുതീർപ്പാക്കാൻ ഇന്നലെ ലത്തീൻ അതിരൂപതയുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

മൂന്നാം വട്ട സമവായ ചർച്ചകൾ പരാജയപ്പെട്ടതോടെ വിഴിഞ്ഞം തുറമുഖ കവാടത്തിന് മുന്നിൽ ഉപരോധം ശക്തമാക്കാനൊരുങ്ങുകയാണ് ലത്തീൻ അതിരൂപത. രാവിലെ 10.30 ഓടെ കൊച്ചുവേളി, വലിയവേലി, വെട്ടുകാട് ഇടവകകളിൽ നിന്നുള്ളവർ വാഹന റാലിയായി മുല്ലൂരിലെ സമരപ്പന്തലിലെത്തും.

പൊലീസ് ബാരിക്കേഡുകൾ മറികടന്ന് പതിവുപോലെ പദ്ധതി പ്രദേശത്തേക്ക് പ്രവേശിക്കാനാണ് തീരുമാനം. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാതെ സമരം പിൻവലിക്കില്ലെന്ന് അതിരൂപത നിലപാടെടുത്തതിനെ തുടർന്നാണ് സമവായ ചർച്ച ധാരാണയാകാതെ അവസാനിപ്പിച്ചത്. വിഴിഞ്ഞം തുറമുഖം മൂലമുണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാമെന്ന മന്ത്രിമാരുടെ വാഗ്ദാനത്തിന് അതിരൂപത വഴങ്ങിയില്ല. മുഖ്യമന്ത്രിയുമായി അടിയന്തരമായി ചർച്ച വേണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി അടുത്ത തിങ്കളാഴ്ച വീണ്ടും കടൽസമരം നടത്താനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.