വിഴിഞ്ഞം സമരം; പള്ളികളില്‍ നാളെയും ബിഷപ്പിന്‍റെ സര്‍ക്കുലര്‍ വായിക്കും
തിരുവനന്തപുരം: ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ ആർച്ച് ബിഷപ്പിന്‍റെ സർക്കുലർ നാളെയും വായിക്കും. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന സംഘർഷങ്ങൾക്ക് പിന്നിലെ സാഹചര്യം വിശദീകരിച്ചാണ് സർക്കുലർ. പ്രകോപനപരമായ സാഹചര്യങ്ങളാണ് അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചതെന്ന് സർക്കുലറിൽ പറയുന്നു. സർക്കാരിന്റെ ഉദാസീന സമീപനം പ്രതിഷേധാർഹമാണ്. അതിജീവനത്തിനായുള്ള പോരാട്ടത്തിന് നേതൃത്വം നൽകുന്നവരെ രാജ്യദ്രോഹികളായും തീവ്രവാദികളായും ചിത്രീകരിക്കുന്നു. സമാധാനാന്തരീക്ഷം ഉറപ്പാക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും സർക്കുലറിൽ പറയുന്നു. തുറമുഖത്തിന്‍റെ നിർമ്മാണം ശാശ്വതമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നില്ല. നിർമാണം നിർത്തിവച്ചുള്ള പഠനമാണ് ആവശ്യപ്പെടുന്നതെന്നും സർക്കുലറിൽ പറയുന്നു.
അതേസമയം, വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ സമവായ നീക്കങ്ങൾ നടക്കുന്നുണ്ട്. എന്തും സംഭവിക്കാവുന്ന സ്ഥിതിയിലേക്ക് വിഴിഞ്ഞം മാറിയതോടെയാണ് വിവിധ തലങ്ങളിൽ നിന്ന് അനുരഞ്ജന നീക്കങ്ങൾ ഉണ്ടായത്. ചീഫ് സെക്രട്ടറിയുമായും ലത്തീൻ സഭാ നേതാക്കളുമായും ചർച്ചയ്ക്ക് തുടക്കമിട്ട കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ മുൻകൈ എടുത്ത് ചീഫ് സെക്രട്ടറിയും ലത്തീൻ രൂപതയും തമ്മിലുള്ള ചർച്ചകൾക്ക് കളമൊരുക്കി. ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ, സമരസമിതി ജനറൽ കൺവീനർ യൂജിൻ പെരേരെ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഇതിന് പിന്നാലെ കർദിനാൾ ക്ലീമിസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.തീരത്തെ സംഘർഷത്തിലും പൊലീസ് സ്റ്റേഷൻ ആക്രമണത്തിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അറസ്റ്റ് നടപടികൾ വൈകിയേക്കും.
അതേസമയം, തുറമുഖ നിർമ്മാണം നിർത്തിവയ്ക്കുന്ന കാര്യത്തിൽ ധാരണയായിട്ടില്ല. അടുത്ത ഘട്ടത്തിൽ സമരസമിതിയുമായി നേരിട്ട് സംസാരിക്കുന്ന തലത്തിലേക്ക് മുഖ്യമന്ത്രിയെ എത്തിക്കാനാണ് മധ്യസ്ഥരുടെ ആലോചന. മാറാട് മാതൃകയിൽ ഗാന്ധിസ്മാരകനിധിയും ഒത്തുതീർപ്പിന് വരുന്നുണ്ട്. ചർച്ചകൾക്കായി ഒരു കോർ ഗ്രൂപ്പ് രൂപീകരിച്ചു. ഗാന്ധി സ്മാരക നിധി ചെയർമാൻ എൻ രാധാകൃഷ്ണൻ, ജസ്റ്റിസ് ഹരിഹരൻ നായർ, ടി പി ശ്രീനിവാസൻ, ജോർജ് ഓണക്കൂർ എന്നിവരാണ് കോർ ഗ്രൂപ്പിലുള്ളത്.