വിഴിഞ്ഞം സമരം; തുറമുഖം വേണമെന്നാണ് സഭയുടെ നിലപാടെന്ന് ആലഞ്ചേരി

കൊച്ചി: വിഴിഞ്ഞത്തെ സമവായം സന്തോഷകരമായ വാർത്തയാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ജനങ്ങളുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. തുറമുഖം വേണമെന്നാണ് സഭയുടെ നിലപാട്. മുഖ്യമന്ത്രി പറയുന്നത് ജനങ്ങൾ അംഗീകരിക്കണമെന്നും മത്സ്യത്തൊഴിലാളികൾക്ക് നൽകിയ വാക്ക് സർക്കാർ പാലിക്കണമെന്നും ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.

സമവായം തുറന്ന മനസ്സോടെ നടപ്പാക്കണമെന്നും ഇരു കൂട്ടരും ധാരണയിൽ ഉറച്ചുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം സഭയുടെ മാത്രം പ്രശ്നമല്ലെന്നും ക്രിസ്ത്യാനികൾക്കൊപ്പം മറ്റ് വിഭാഗങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ പ്രതിഷേധം പരിഹരിച്ചതിന് പിന്നാലെയാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പ്രതികരണം.

സമരസമിതി മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സമരം അവസാനിപ്പിക്കാൻ വിട്ടുവീഴ്ച ചെയ്തതായി സമരസമിതി അറിയിച്ചു. മന്ത്രിസഭാ ഉപസമിതിയും സമരക്കാരും തമ്മിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.