വിഴിഞ്ഞം സമരം; ലത്തീൻ അതിരൂപതയുമായി ഇന്ന് ജില്ലാതല സർവകക്ഷിയോഗം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപതയുമായി ഇന്ന് ജില്ലാതല സർവകക്ഷിയോഗം ചേരും. ഉച്ചയ്ക്ക് രണ്ടിന് ചേരുന്ന യോഗത്തിൽ പുനരധിവാസം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. തുറമുഖ സമരത്തിന്‍റെ എട്ടാം ദിവസമായ ഇന്ന് വലിയതുറ ഇടവകയുടെ നേതൃത്വത്തിൽ റാലിയും ഉപരോധവും നടക്കും.

മത്സ്യത്തൊഴിലാളികളുടെ തുറമുഖ വിരുദ്ധ പ്രക്ഷോഭത്തിൽ സമവായത്തിന്‍റെ എല്ലാ സാധ്യതകളും സർക്കാർ ആരായുന്നുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിക്ക് നിയമസഭാ മന്ദിരത്തിൽ ചേരുന്ന ജില്ലാതല സർവകക്ഷി യോഗത്തിൽ പ്രശ്നപരിഹാരത്തിനുള്ള നിർദ്ദേശങ്ങൾ തേടും. ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്‍റണി രാജു, ജി.ആർ അനിൽ എന്നിവർക്ക് പുറമെ കളക്ടറും തിരുവനന്തപുരം മേയറും ലത്തീൻ അതിരൂപതയുമായി ചർച്ച നടത്തും.

പുനരധിവാസ പദ്ധതികൾ ഉൾപ്പെടെ അതിരൂപതയുടെ ഓരോ ആവശ്യങ്ങളും വെവ്വേറെ ചർച്ച ചെയ്യും. ഇന്നലെ ചേർന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിലെ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച തീരുമാനങ്ങൾ ഇന്ന് മുഖ്യമന്ത്രിയോട് വിശദീകരിക്കും. ആവശ്യമെങ്കിൽ മന്ത്രിസഭാ ഉപസമിതി വീണ്ടും യോഗം ചേരും. അതേസമയം തുറമുഖ പണിമുടക്കിന്‍റെ എട്ടാം ദിവസമായ ഇന്ന് വലിയതുറ ഇടവകയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടക്കുകയാണ്. ഏഴ് ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് ലത്തീൻ അതിരൂപത.