വിഴിഞ്ഞം സമരം; പ്രശ്നങ്ങൾക്കെല്ലാം ഉത്തരവാദി സർക്കാർ മാത്രമെന്ന് എം വിൻസെന്റ് എംഎൽഎ

തിരുവനന്തപുരം: നിയമസഭയിൽ വിഴിഞ്ഞം സമരത്തിൽ ചർച്ച. പ്രതിഷേധക്കാരോട് സർക്കാരിന് ശത്രുതാപരമായ സമീപനമാണുള്ളതെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷ എംഎൽഎ എം വിൻസെന്‍റ് പറഞ്ഞു. പ്രതിഷേധക്കാരെ തീവ്രവാദികളായി ചിത്രീകരിക്കാനാണ് ശ്രമിച്ചത്. 4 മാസമായിട്ടും സമരത്തിന് സർക്കാർ പരിഹാരം കണ്ടിട്ടില്ല. ഇപ്പോൾ കാണുന്ന ഈ പ്രശ്നങ്ങൾക്കെല്ലാം ഉത്തരവാദി സർക്കാർ മാത്രമാണെന്നും വിൻസെന്‍റ് പറഞ്ഞു.

വിഴിഞ്ഞം വിഷയം സഭയിൽ ചർച്ച ചെയ്യാമെന്ന സമീപനം മുഖ്യമന്ത്രി സമരക്കാരോട് സ്വീകരിച്ചിരുന്നെങ്കിൽ സമരം അവസാനിക്കുമായിരുന്നു. തുറമുഖ കവാടം ഉപരോധിക്കുന്നത് പ്രതിഷേധക്കാരുടെ അജണ്ടയിൽ ഉണ്ടായിരുന്നില്ല. ആദ്യം സെക്രട്ടേറിയറ്റിന് മുന്നിലായിരുന്നു പ്രതിഷേധം. സമരം 28 ദിവസം പിന്നിട്ടിട്ടും സർക്കാർ ചർച്ചയ്ക്ക് തയ്യാറായില്ല. നാം ഇപ്പോൾ കാണുന്ന ഈ പ്രശ്നങ്ങൾക്കെല്ലാം ഉത്തരവാദി സർക്കാർ മാത്രമാണ്. 4 മാസമായിട്ടും സമരത്തിന് സർക്കാർ പരിഹാരം കണ്ടില്ല. കാര്യമായ ഒരു ഇടപെടലും ഉണ്ടായില്ല. പ്രതിഷേധക്കാരോട് ശത്രുതാപരമായ സമീപനമാണ് സർക്കാർ കാണിക്കുന്നത്. പ്രതിഷേധക്കാരെ ദേശദ്രോഹികളെന്ന് മന്ത്രിമാർ വിളിച്ചു. മന്ത്രി വി അബ്ദുറഹ്മാനെതിരായ ഫാദർ തിയോഡേഷ്യസിന്റെ പരാമർശത്തോട് യോജിപ്പില്ലെന്നും വിൻസെന്‍റ് വിശദീകരിച്ചു. 

പ്രളയകാലത്ത് മത്സ്യത്തൊഴിലാളികൾ സൈന്യമായിരുന്നു. മുഖ്യമന്ത്രി തന്നെ അവരെ കേരളത്തിന്‍റെ സൈന്യം എന്നാണ് വിളിച്ചിരുന്നത്. സ്വന്തം സൈന്യം ഒരു പ്രശ്നവുമായി വരുമ്പോൾ, എങ്ങനെയാണ് അവരെ തീവ്രവാദികളാക്കി മാറ്റുന്നത്? കഴിഞ്ഞ 4 വർഷമായി വലിയതുറയിലെ സിമന്‍റ് ഗോഡൗണിലാണ് ആളുകൾ കിടക്കുന്നത്. നിങ്ങളിൽ ആർക്കെങ്കിലും അത്തരം ബുദ്ധിമുട്ടുകൾ ഉണ്ടോ? മന്ത്രിമന്ദിരങ്ങൾ മോഡികൂട്ടുന്നവർക്ക് ഈ ദുരിതം മനസ്സിലാകുമോ? ദുഃഖങ്ങൾ കേൾക്കുക എന്നത് സർക്കാരിന്റെ കടമയല്ലേ? മുതലപ്പൊഴി മുതൽ മണ്ണെണ്ണ വില വരെ, ന്യായമായ ആവശ്യങ്ങൾ ആണ്. തുറമുഖം നിർത്തി വക്കണമെന്ന് ആർക്കും അഭിപ്രായമില്ല. അത് പ്രതിഷേധക്കാരോടും പറഞ്ഞിട്ടുണ്ടെന്നും ചർച്ചയുടെ അഭാവമാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയതെന്നും അദ്ദേഹം പറഞ്ഞു.