വിഴിഞ്ഞം സമരം; ഇന്ന് തുറമുഖം വളയാനൊരുങ്ങി പ്രതിഷേധക്കാര്‍

തിരുവനന്തപുരം: വിഴിഞ്ഞം സമരം 14-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ മത്സ്യത്തൊഴിലാളികൾ ഇന്ന്, കരമാര്‍ഗവും കടല്‍മാര്‍ഗവും തുറമുഖം വളയും. പ്രതിഷേധക്കാർ നടത്തുന്ന രണ്ടാമത്തെ രണ്ടാം കടല്‍ സമരമാണിത്. ശാന്തിപുരം, പുതുക്കുരുച്ചി, തഴമ്പള്ളി, പൂത്തുറ ഇടവകകളിൽ നിന്നുള്ള പ്രതിഷേധക്കാർ ബോട്ടുകളിൽ തുറമുഖത്തെത്തും. മറ്റുള്ളവർ ബാരിക്കേഡുകൾ മറികടന്ന് കടലിലുള്ളവരെ അഭിവാദ്യം ചെയ്യാൻ പദ്ധതി പ്രദേശത്ത് എത്തും. അങ്ങനെയാണ് സമരം സംഘടിപ്പിക്കുന്നത്.

ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരെ വാടക വീടുകളിലേക്ക് മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ മന്ത്രിസഭാ ഉപസമിതി ഇന്ന് സമരക്കാരുമായി ചർച്ച നടത്തും. ഇന്നലെ സർക്കാർ വിളിച്ചുചേർത്ത യോഗം ആശയക്കുഴപ്പം കാരണം നിർത്തിവയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സമരസമിതിക്ക് ഔപചാരിക നോട്ടീസ് നൽകിയത്.

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹർജിയിൽ കക്ഷി ചേരാൻ അതിരൂപത ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കേസിൽ പ്രതിഷേധക്കാരെ കേൾക്കണമെന്നാവശ്യപ്പെട്ട് അതിരൂപത ഹർജി നൽകും.